യൂത്ത് കോൺഗ്രസുകാർക്കെതിരേ ജാമ്യമില്ലാ വകുപ്പിൽ കേസ്
Sunday, March 26, 2023 1:36 AM IST
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ രാജ്ഭവൻ മാർച്ചിലെ സംഘർഷത്തെത്തുടർന്ന് മുപ്പത് പേർക്കെതിരേ മ്യൂസിയം പോലീസ് കേസെടുത്തു, ഒരാൾ റിമാൻഡിലായി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ചെന്പകമംഗലം സ്വദേശി സുനോജ് സ്റ്റീഫൻസനെ (23) യാണ് റിമാൻഡ് ചെയ്തത്. യൂത്ത് കോണ്‍ഗ്രസിന്റെ പത്ത് നേതാക്കൾക്കെതിരേയും കണ്ടാലറിയാവുന്ന 20 പേർക്കെതിരെയുമാണ് കേസെടുത്തത്.
രാഹുൽഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം രാത്രിയിൽ നടത്തിയ രാജ്ഭവൻ മാർച്ച് അക്രമാസക്തമായതിനെത്തുടർന്ന് നടന്ന ലാത്തിചാർജിൽ നിരവധി യൂത്ത് കോണ്‍ഗ്രസ് - കെഎസ്യു പ്രവർത്തകർക്കും രണ്ട് പോലീസുകാർക്കും പരിക്കേറ്റു. ലാത്തിചാർജിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ചികിത്സയിലാണ്.