നിയമസഭാ സംഘർഷം: പോലീസ് അന്വേഷണം അനിശ്ചിതത്വത്തിൽ
Sunday, March 26, 2023 1:36 AM IST
തിരുവനന്തപുരം: സ്പീക്കറുടെ ഓഫീസിനു മുന്നിലെ പ്രതിപക്ഷ സത്യഗ്രഹത്തിനിടെയുണ്ടായ സംഘർഷത്തിൽ പോലീസ് അന്വേഷണം അനിശ്ചിതത്വത്തിൽ.
കേസിൽ തുടർനടപടിക്കുള്ള പോലീസിന്റെ അപേക്ഷ ഉടൻ പരിഗണിക്കേണ്ടതില്ല എന്ന നിയമസഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനത്തെത്തുടർന്നാണ് അന്വേഷണം വഴിമുട്ടിയത്. എംഎൽഎമാർക്കെതിരായ കേസിൽ തുടർനടപടി വിശദമായ പരിശോധനയ്ക്കുശേഷം മതിയെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു.
നിയമസഭാ സെക്രട്ടേറിയറ്റ് അനുമതി നൽകിയാൽ മാത്രമേ പോലീസിന് എംഎൽഎമാരുടെ മൊഴിയെടുക്കുന്നത് അടക്കമുള്ള തുടർനടപടികളിലേക്കു കടക്കാൻ കഴിയൂ.
ഇതിനു പുറമെ സഭാ ടിവിയുടെ ദൃശ്യങ്ങളും നിയമസഭാ മന്ദിരത്തിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ആവശ്യപ്പെട്ടിരുന്നു.
നിയമസഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനത്തെ തുടർന്ന് അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിൽ കേസിൽ നിയമോപദേശം തേടുന്നതിനെ കുറിച്ചും പോലീസ് ആലോചിക്കുന്നുണ്ട്.