ഫൊക്കാന കേരള കണ്വൻഷൻ നാളെമുതൽ തിരുവനന്തപുരത്ത്
Thursday, March 30, 2023 12:53 AM IST
തിരുവനന്തപുരം: അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ കേരള കണ്വൻഷൻ നാളെ ആരംഭിക്കും. നാളെ വൈകുന്നേരം ആറിനു തിരുവനന്തപുരം ഹോട്ടൽ ഹയാത്ത് റീജൻസിയിൽ സ്പീക്കർ എ.എൻ. ഷംസീർ കണ്വൻഷൻ ഉദ്ഘാടനം ചെയ്യും.
രണ്ടുദിവസം നീണ്ടുനിൽക്കുന്ന കണ്‍വൻഷനിൽ വിവിധ പരിപാടികളിൽ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള, മന്ത്രിമാരായ. പി.എ. മുഹമ്മദ് റിയാസ്, വി. ശിവൻകുട്ടി, ഡോ. ആർ. ബിന്ദു, ജി.ആർ. അനിൽ, അഡ്വ. ആന്റണി രാജു , എംപിമാരായ ഡോ. ശശിതരൂർ, പി.വി. അബ്ദുൾ വഹാബ്, ജോണ്‍ ബ്രിട്ടാസ്, മുൻ അംബാസഡർ ഡോ.ടി.പി. ശ്രീനിവാസൻ,വനിതാ കമ്മീഷൻ ചെയർപേഴ്സണ്‍ അഡ്വ. പി. സതീദേവി, എം. എ. ബേബി, ഡോ.എസ്. എസ്. ലാൽ, ജെ.കെ. മേനോൻ, ഇ.എം.രാധ എന്നിവരടക്കം വിശിഷ്ടാതിഥികൾ പങ്കെടുക്കും.
കണ്‍വൻഷനിൽ പങ്കെടുക്കാൻ അമേരിക്കയിൽനിന്ന് ഫൊക്കാനയുടെ പ്രതിനിധികൾ എത്തിച്ചേർന്നതായി ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഡോ. കലാപ്പാഹി കേരളീയം വർക്കിംഗ് ചെയർമാൻ ഡോ. ജി. രാജ് മോഹൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
"ഭാഷയ്ക്കൊരു ഡോളർ’ പദ്ധതിയുടെ വിതരണം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. ഫൊക്കാനയുടെ വനിതാ പ്രസിഡന്റായിരുന്ന മറിയാമ്മ പിള്ളയുടെ നാമധേയത്തിൽ ഏർപ്പെടുത്തിയ പുരസ്കാരം ഗവ. നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ ആർ. ബിൻസിക്കു നൽകും
പ്രവാസി സമ്മേളനം ഏപ്രിൽ ഒന്നിന് രാവിലെ 11ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. പ്രമുഖ കഥാകൃത്ത് സതീഷ് ബാബു പയ്യന്നൂരിന്റെ സ്മരണയ്ക്കായ് ഏർപ്പെടുത്തിയ പ്രവാസി സാഹിത്യഅവാർഡ് പ്രവാസി എഴുത്തുകാരൻ മൻസൂർ പള്ളൂരിനും ഫൊക്കാന സാഹിത്യ അവാർഡ് പ്രമുഖ എഴുത്തുകാരൻ വി.ജെ. ജയിംസിനും, കവി രാജൻ കൈലാസിനും ഗോവ ഗവർണർ സമ്മാനിക്കും . കണ്‍വൻഷന്റെ ഭാഗമായി നടക്കുന്ന വനിതാ ഫോറത്തിൽ വനിതാ കമ്മീഷൻ ചെയർപേഴ്സൻ പി. സതീദേവി മുഖ്യാതിഥിയായിരിക്കും. പ്രമുഖ മാധ്യമപ്രവർത്തകനായിരുന്ന ജി. ശേഖരൻ നായരെ അനുസ്മരിക്കുന്ന മാധ്യമ സമ്മേളനം ഏപ്രിൽ ഒന്നിന് വൈകുന്നേരം നാലിന് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും.
ഒന്നിന് വൈകുന്നേരം 6.30നു ചേരുന്ന സമാപന സമ്മേളനം ഡോ. ശശിതരൂർ എംപി ഉദ്ഘാടനം ചെയ്യും. ഡോ. ബാബു സ്റ്റീഫൻ അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ ഏറ്റവും മികച്ച മന്ത്രിക്കുള്ള ഫൊക്കാന അവാർഡ് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് സമ്മാനിക്കും.
ഖത്തറിലെ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷണൽസ് കൗണ്‍സിലിന്റെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട വ്യവസായി ജെ.കെ. മേനോനെ ആദരിക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യപ്രഭാഷണം നടത്തും.ഫൊക്കാന ട്രഷറർ ബിജു ജോണ്‍, ഭാരവാഹികളായ ജോണ്സണ് തങ്കച്ചൻ, അപ്പുക്കുട്ടൻ പിള്ള, കേരളീയം ജനറൽ സെക്രട്ടറി എൻ.ആർ. ഹരികുമാർ, ഫൊക്കാന കേരള കണ്വൻഷൻ ജനറൽ കണ്‍വീനർ അഡ്വ.ലാലു ജോസഫ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.