പണമിടപാടു കേസിൽ മർദനമേറ്റ യുവാവ് മരിച്ചു
Saturday, April 1, 2023 1:39 AM IST
വൈപ്പിൻ: കടം വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടതിനു മർദനമേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.
ചെറായി കരുത്തല കിഴക്ക് പുതുപ്പറമ്പിൽ ഗോപി -രത്തിനം ദമ്പതികളുടെ മകൻ വിനൂപ് (36) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ചെറായി വാരിശേരി അമ്പലത്തിനടുത്തു വച്ചാണ് വിനൂപിനു മർദനമേറ്റത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ പ്രതിയായ ചെറായി പടമാട്ടുമ്മൽ പ്രജിത്തിനെ(44) അന്നു തന്നെ മുനമ്പം പോലീസ് വധശ്രമത്തിനു കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: നേരത്തെ സ്വകാര്യ പണമിടപാടു സ്ഥാപനം നടത്തിവന്നിരുന്നയാളാണ് വിനൂപ്. പ്രതിയുടെ ഭാര്യ ഈ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. ഇവർ വിനൂപിൽനിന്ന് ആയിടയ്ക്ക് നല്ലൊരു തുക വായ്പ വാങ്ങിയിരുന്നു. ഇതു തിരികെ നൽകിയിരുന്നില്ല. ഇതിനിടയിൽ പ്രളയകാലം വന്നതോടെ പ്രതിസന്ധി മൂർച്ഛിച്ച് സ്ഥാപനം തകരുകയും അടച്ചുപൂട്ടുകയും ചെയ്തു. പണം കിട്ടാനുള്ളവർ നിയമനടപടികൾ സ്വീകരിച്ചതിനെ തുടർന്ന് വിനൂപും സഹോദരനും ഉൾപ്പെടെ നിയമനടപടി നേരിട്ടുവരികയുമാണ്. മാത്രമല്ല, ഇവരുടെ വീടും ജപ്തി ചെയ്തു. ഇതോടെ താമസം വാടകവീട്ടിലായി. ഇതിനിടെ കടം വാങ്ങിയ പണം പലകുറി തിരികെ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാരി നൽകിയില്ലത്രേ.
ശനിയാഴ്ചയും വിനൂപ് പണം ആവശ്യപ്പെട്ട് ഇവരുടെ വീട്ടിലെത്തി. തർക്കത്തെ തുടർന്ന് ചെടിച്ചട്ടികളും മറ്റും നശിപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് ജീവനക്കാരിയുടെ ഭർത്താവായ പ്രജിത്ത് വിനൂപിനെ ആക്രമിച്ചത്.
തിരിഞ്ഞോടിയ വിനൂപിനെ പിന്തുടർന്നും ആക്രമിച്ചു. തലയ്ക്കും ദേഹത്തും ഗുരുതരമായി പരിക്കേറ്റ വിനൂപിന്റെ നാവ് മുറിഞ്ഞു വേർപെട്ട അവസ്ഥയിലുമായിരുന്നു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകുന്നേരമാണു മരിച്ചത്. പ്രതിക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തിട്ടുണ്ട്.