നികുതിഭാരം: കരിദിനം ആചരിച്ച് യുഡിഎഫ്
Sunday, April 2, 2023 1:26 AM IST
കൊച്ചി: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ പരിപാടികളോടു പ്രതിപക്ഷം സഹകരിക്കില്ലെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. അധിക നികുതിഭാരം അടിച്ചേൽപ്പിച്ച് സാധാരണക്കാർക്കു ജീവിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാക്കിയിട്ടാണ് ആഘോഷവുമായി സർക്കാർ ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് ട്രഷറി പൂട്ടുന്നതിനേക്കാൾ ദയനീയമായ അവസ്ഥയാണുള്ളത്. പിണറായി സർക്കാർ സാധാരണക്കാരുടെ മേൽ കെട്ടിവച്ച അയ്യായിരത്തിലധികം കോടിയുടെ നികുതിഭാരം ഇന്നലെ മുതൽ നടപ്പാക്കിത്തുടങ്ങി. സർക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ടും അനാസ്ഥ കൊണ്ടുമാണ് ചരിത്രത്തിൽ ഇല്ലാത്ത അധിക നികുതിഭാരം ജനങ്ങളുടെ മേൽ വരുന്നത്.
കഴിഞ്ഞദിവസങ്ങളിൽ സംസ്ഥാനത്ത് ഉടനീളം ജപ്തിനോട്ടീസുകൾ പ്രവഹിക്കുകയായിരുന്നു. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാതെ സാധാരണക്കാരൻ പ്രയാസപ്പെടുന്ന സമയത്ത് ജപ്തിനടപടികൾ നിർത്തിവയ്ക്കാൻ പോലും സർക്കാർ തയാറായില്ല. അതുകൂടാതെയാണ് ജനങ്ങളുടെ മേൽ അധിക നികുതിഭാരം അടിച്ചേൽപ്പിച്ചത്.
ജനജീവിതം കൂടുതൽ ദുഃസഹമാകുന്ന ദിവസംതന്നെ സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷ പരിപാടികൾ തുടങ്ങുന്നുവെന്നത് ഏറ്റവും വലിയ വിരോധാഭാസമാണെന്നും സതീശൻ പറഞ്ഞു.