ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങൾ കയറിവരാതിരിക്കാനുള്ള ശാശ്വത നടപടികളാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്. വനംമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ അത്തരത്തിൽ തീരുമാനമുണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങൾ.
എന്നാൽ ദ്രുതകർമ സേനാ രൂപീകരണവും കണ്ട്രോൾ റൂം പ്രഖ്യാപനവും മാത്രമാണുണ്ടായത്. കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കാൻ മന്ത്രി തയാറാവാത്തതിനെതിരേ ശക്തമായ പ്രതിഷേധമാണുയരുന്നത്. വനം വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനം ജനങ്ങൾക്കുമേൽ അടിച്ചേല്പിക്കാനാണ് നീക്കം നടക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.
കണ്ട്രോൾ റൂം തുറന്നു തിരുവനന്തപുരം: വന്യജീവികളുടെ ആക്രമണമുണ്ടായാൽ ജനങ്ങൾക്ക് അടിയന്തര സഹായം നൽകുന്നതിന് കണ്ട്രോൾ റൂം ആരംഭിച്ചതായി വനം മന്ത്രി എ. കെ. ശശീന്ദ്രൻ. 18004254733 എന്ന നന്പരിൽ ജനങ്ങൾക്ക് ബന്ധപ്പെടാം. 24 മണിക്കൂർ സേവനം ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.
കാട്ടുപന്നിയെ വെടിവയ്ക്കൽ: ഒരു വർഷത്തേക്കുകൂടി അനുമതി നീട്ടും തിരുവനന്തപുരം: അക്രമകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാൻ തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്ക് നൽകിയിരുന്ന അധികാരം ഒരു വർഷത്തേക്കുകൂടി നീട്ടുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. നിലവിൽ ഈ മാസം 28 വരെയാണ് ഇതിനുള്ള കാലാവധി നൽകിയിരുന്നത്.
മനുഷ്യന് കൂടുതൽ ഭീഷണി ഉയർത്തുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പരിഗണിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ ഇതുവരെ അംഗീകരിച്ചില്ലെന്നും മന്ത്രി പറഞ്ഞു.