മൈസുരുവിൽ വാഹനാപകടത്തിൽ രണ്ടു വിദ്യാർഥികൾ മരിച്ചു
Monday, May 29, 2023 12:17 AM IST
എടക്കര: ബംഗളുരൂ-മൈസുരു എക്സ്പ്രസ് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളി വിദ്യാർഥികൾക്കു ദാരുണാന്ത്യം.
മൈസുരു കാവേരി സയൻസ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്നാം വർഷ ഓപ്പറേഷൻ തിയേറ്റർ അനസ്തേഷ്യ വിദ്യാർഥികളായ പോത്തുകൽ ഉപ്പട ആനക്കല്ല് പുഷ്പ വിലാസം ഷാജിയുടെ മകൻ നിതിൻ (21), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷഹീൻ ഷാജഹാൻ (21) എന്നിവരാണു മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയിൽ ഇടിച്ചുകയറിയാണ് അപകടം. ബംഗളുരൂവിൽനിന്നു മൈസുരുവിലേക്കു വരുന്നതിനിടെ മൈസുരു ഫിഷ് ലാൻഡിന് സമീപം ഇന്നു രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ഇരുവരും അപകടസ്ഥലത്തുതന്നെ മരിച്ചു.
കെആർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പേസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. നിതിന്റെ മൃതദേഹം രാത്രി ഒന്പതു മണിയോടെ ആനക്കല്ലിലെ വീട്ടിലെത്തിച്ചു. സംസ്കാരം ഇന്നു രാവിലെ വീട്ടുവളപ്പിൽ. നിതിന്റെ അമ്മ: ശ്രീദേവി ഷാജി. സഹോദരൻ: ജിതിൻ (ദുബായ്).