സിദ്ദിഖിന്റെ കൊലപാതകം: അട്ടപ്പാടി ചുരത്തിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി
Wednesday, May 31, 2023 1:29 AM IST
മണ്ണാർക്കാട്: കോഴിക്കോട്ടെ ഹോട്ടൽ വ്യാപാരി തിരൂർ ഏഴൂർ മേച്ചേരിവീട്ടിൽ സിദ്ദിഖിനെ (58) കൊലപ്പെടുത്തി അട്ടപ്പാടി ചുരത്തിലെ ഒന്പതാം വളവിൽ തള്ളിയ കേസിൽ പ്രതികളായ ഷിബിലി (22), ഫർഹാന (19) എന്നിവരെ ഇന്നലെ ചുരത്തിലെത്തിച്ചു തെളിവെടുപ്പു നടത്തി.
രാവിലെ 11 മണിയോടെ ആദ്യം ചുരത്തിലെ എട്ടാം വളവിൽ പ്രതികൾ വലിച്ചെറിഞ്ഞ സിദ്ദിഖിന്റെ മൊബൈൽഫോണും ആധാർ കാർഡും കണ്ടെടുക്കാനുള്ള ശ്രമമാണു പോലീസ് നടത്തിയത്. ഫോണ് കണ്ടെടുത്തതായി ഡിവൈഎസ്പി കെ.എം. ബിജു പറഞ്ഞു. അരമണിക്കൂറിലധികം തെരച്ചിൽ നടത്തിയെങ്കിലും ആധാർ കാർഡ് കണ്ടെത്താനായില്ല. തുടർന്ന് ഒന്പതാം വളവിൽ എത്തി സിദ്ദിഖിനെ ട്രോളി ബാഗുകളിലാക്കി വലിച്ചെറിഞ്ഞ സ്ഥലത്ത് തെളിവെടുപ്പു നടത്തി.
ആദ്യം ഷിബിലിയെയാണു വാഹനത്തിൽനിന്ന് ഇറക്കി തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ 19ന് രാത്രി ഏഴരയോടെയാണ് ഒന്പതാം വളവിൽ എത്തിയതെന്നും 10 മിനിറ്റോളം ഇവിടെ തങ്ങിയെന്നും ബാഗുകൾ മന്ദംപൊട്ടിയിലേക്കു വലിച്ചെറിയുകയായിരുന്നുവെന്നും ഷിബിലി പോലീസിനോടു പറഞ്ഞു.
ആദ്യം പത്താം വളവിൽ എത്തുകയും വാഹനങ്ങളും ആളുകളും കുറവാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തതിനുശേഷം ഒന്പതാം വളവിലെത്തി ട്രോളി ബാഗുകൾ കാറിന്റെ ഡിക്കിയിൽനിന്ന് ഇറക്കി മന്ദം പൊട്ടിയിലേക്കു വലിച്ചെറിയുകയായിരുന്നുവെന്നും ഷിബിലി പറഞ്ഞു.
തുടർന്ന് ഫർഹാനയെ ജീപ്പിൽനിന്നിറക്കി തെളിവെടുപ്പ് നടത്തി. ട്രോളി ബാഗുകൾ തള്ളിയ സ്ഥലം ഫർഹാന പോലീസിനു കാണിച്ചു കൊടുത്തു. റോഡിൽനിന്നു ട്രോളി ബാഗുകൾ തള്ളുകയായിരുന്നുവെന്നും താഴെവീണ ശബ്ദം കേട്ടെന്നും ഫർഹാന പോലീസിനോടു പറഞ്ഞു.
തിരൂർ ഡിവൈഎസ്പി കെ.എം. ബിജു, സിഐ എൽ.ജെ. ജിജോ, എസ്ഐ പ്രമോദ്, സിപിഒമാരായ ധനീഷ്കുമാർ, രഞ്ജിത്ത്, അക്ബർ അലി എന്നിവടങ്ങുന്ന സംഘമാണ് തെളിവെടുപ്പിനായി ഷിബിലിയെയും ഫർഹാനയെയും അട്ടപ്പാടി ചുരത്തിൽ കൊണ്ടുവന്നത്.
ഹോട്ടൽ അടച്ചുപൂട്ടി
ഹോട്ടൽ വ്യാപാരി സിദ്ദിഖിന്റെ കൊലപാതകം നടന്ന എരഞ്ഞിപ്പാലത്തെ ഹോട്ടൽ ‘ഡി കാസ ഇൻ’ പ്രവർത്തിച്ചത് കോർപറേഷൻ അനുമതി ഇല്ലാതെയെന്നു കണ്ടെത്തിയതോടെ ഹോട്ടൽ അടച്ചു പൂട്ടി. കോർപറേഷന്റെ ലൈസൻസോ മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള അനുമതിയോ ഇല്ലാതെയാണു ഹോട്ടൽ പ്രവർത്തിച്ചതെന്ന് കണ്ടെത്തിയതോടെ ഹോട്ടൽ പൂട്ടാൻ കോർപറേഷൻ നോട്ടീസ് നൽകുകയായിരുന്നു.
ഒരു വർഷം മുന്പ് മലിനീകരണവുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ ഹോട്ടലിനെതിരേ പരാതി നൽകിയിരുന്നു. അന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ, ഹോട്ടലിനു ലൈസൻസില്ലെന്നു കണ്ടെത്തി. തുടർന്ന് ആരോഗ്യവകുപ്പ് ഹോട്ടൽ അടച്ചുപൂട്ടാൻ നിർദേശം നൽകിയിരുന്നു. പിന്നീട് ആറു മാസത്തിനുശേഷം ഹോട്ടൽ തുറക്കുകയായിരുന്നു.
താൻ ആരെയും കൊന്നിട്ടില്ലെന്ന് ഫർഹാന

തിരൂരിലെ ഹോട്ടൽ ഉടമ സിദ്ദീഖിനെ താൻ കൊന്നിട്ടില്ലെന്നു കേസിലെ പ്രതി ഫർഹാന. എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേർന്നാണെന്നും ഫർഹാന പറഞ്ഞു. കൃത്യം നടക്കുന്പോൾ ഹോട്ടൽ മുറിയിലുണ്ടായിരുന്നെന്നും കൊലപാതകത്തിനു പിന്നിൽ ഹണി ട്രാപ്പ് ആണെന്നതു ശരിയല്ലെന്നും ഫർഹാന കൂട്ടിച്ചേർത്തു.
അന്വേഷണത്തിന്റെ ഭാഗമായി തിരൂർ പോലീസ് പ്രതികളെ പാലക്കാട്ടെ ഫർഹാനയുടെ വീടായ ചളവറയിലെത്തിച്ച് നടത്തിയ തെളിവെടുപ്പിനിടെയാണ് ഫർഹാന മാധ്യമങ്ങളോടു പ്രതികരിച്ചത് .
സംഭവസമയത്ത് ഫർഹാനയും ഷിബിലിയും ധരിച്ചിരുന്ന വസ്ത്രങ്ങൾ ഫർഹാനയുടെ വീടിനു പിന്നിൽവച്ചാണു കത്തിച്ചു നശിപ്പിച്ചത്. തെളിവെടുപ്പിൽ വസ്ത്രങ്ങളുടെ കത്തിക്കരിഞ്ഞ ഭാഗം കണ്ടെടുത്തു.
ഫർഹാന പറഞ്ഞതിനുസരിച്ചാണു വസ്ത്രങ്ങൾ കത്തിച്ചതെന്ന് അമ്മ ഫാത്തിമ പോലീസിനോടു പറഞ്ഞു. കൃത്യത്തിനു ശേഷം ഫർഹാനയുടെ അക്കൗണ്ടിലേക്ക് 67,000 രൂപ എത്തിയതായും അതിൽനിന്ന് 65,000 രൂപ മാതാപിതാക്കൾ പിൻവലിച്ചതായും പോലീസ് കണ്ടെത്തി.
ഈ സംഖ്യ ഇന്നുരാവിലെ പത്തിനു തിരൂർ പോലിസ് സ്റ്റേഷനിൽ എത്തിക്കാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യുന്നതിന്നായി ഫർഹാനയുടെ മാതാപിതാക്കളോടു തിരൂരിൽ എത്താൻ പോലീസ് ആവശ്യപ്പെട്ടു.
പ്രതികളെ കൊണ്ടുവരുന്നതറിഞ്ഞ് ഫർഹാനയുടെ ചളവറയിലുള്ള വീട്ടിൽ ഒട്ടേറെപ്പേർ തടിച്ചുകൂടി. ചിരിച്ചുകൊണ്ടാണു ഫർഹാന വീട്ടിലെത്തിയത്. ഷിബിലിയെ പോലീസ് വാഹനത്തിൽനിന്ന് ഇവിടെ ഇറക്കിയില്ല.