കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗം ലോകനിലവാരത്തിലേക്ക് ഉയർത്തും: മുഖ്യമന്ത്രി
Friday, June 2, 2023 1:07 AM IST
തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങളൊരുക്കി കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗം ലോകനിലവാരത്തിലേക്കുയർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലയിൻകീഴിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
മലയിൻകീഴ് ജിഎൽപിബി സ്കൂളിൽ നടന്ന ചടങ്ങിൽ നവാഗതർക്കു മുഖ്യമന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്യുകയും സ്കൂളിലെ പുതിയ മന്ദിരം നാടിന് സമർപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ഏഴു വർഷമായി നടത്തിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കേരളത്തിലാകെയുള്ള വിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യങ്ങളിൽ മാറ്റമുണ്ടാക്കിയതായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഒന്നാം ക്ലാസിൽ പ്രവേശിക്കുന്നവർക്ക് പുതിയ അന്തരീക്ഷവുമായി ഇണങ്ങുന്നതിന് താമസം നേരിടുക സ്വാഭാവികമാണ്. എന്നാൽ ഇന്ന് വിശിഷ്ട വ്യക്തികളായാണ് നവാഗതർ എത്തുന്നത്. ഈ പ്രവേശനോത്സവത്തിൽ ആഹ്ലാദകരമായ ചുറ്റുപാടിൽ കൈ നിറയെ സമ്മാനങ്ങളുമായി എത്തുന്ന വിദ്യാർഥികളിൽ മനോവിഷമം കാണുന്നില്ല. പൊതു വിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റം കുഞ്ഞു മനസിലടക്കം സന്തോഷവും ഉണർവും സൃഷ്ടിച്ചത് കാണാൻ കഴിയും. ഇത് കേരളത്തിന്റെ പ്രത്യേകതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ 2023 - 24 അധ്യയന വർഷത്തെ കലണ്ടർ അദ്ദേഹം പ്രകാശനം ചെയ്തു. മധുരം മലയാളം, ഗണിതം രസം കുട്ടിക്കൂട്ടം കൈപ്പുസ്തക പ്രകാശനം ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു.
ഹലോ ഇംഗ്ലീഷ് - കിഡ്സ് ലൈബ്രറി ബുക് സീരീസ് ഐ.ബി. സതീഷ് എംഎൽഎ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ വിശിഷ്ടാതിഥിയായി. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എ. ഷാനവാസ്, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ. പ്രീജ, മലയൻകീഴ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ. വൽസല കുമാരി എന്നിവർ സംബന്ധിച്ചു.