ബൈക്കിലെത്തി മാല പൊട്ടിക്കൽ: മുഖ്യപ്രതി പിടിയില്‍
Monday, June 5, 2023 12:31 AM IST
മാള: ബൈക്കിലെത്തി മാല പൊട്ടിച്ച സംഭവത്തിലെ മുഖ്യപ്രതി പിടിയില്‍. പാലക്കാട് കോട്ടായി സ്വദേശി അനീഷ് (33) ആണ് പിടിയിലായത്. ഇടുക്കി ശാന്തന്‍പാറയ്ക്കു സമീപമുള്ള ആദിവാസി ഈരില്‍ ഒളിവില്‍ കഴിയവേയാണ് ഇയാള്‍ മാള പോലീസിന്റെ പിടിയിലായത്.
2021ലായിരുന്നു കേസിനാസ്പദമായ സംഭവം. മാള സ്വദേശി മല്ലികയുടെ ഒന്നേമുക്കാല്‍ പവന്റെ മാലയാണു പ്രതി അനീഷും കൂട്ടാളി കൊടുങ്ങല്ലൂര്‍ സ്വദേശി അപ്പുവും ചേര്‍ന്ന് ബൈക്കിലെത്തി പൊട്ടിച്ച് കടന്നുകളഞ്ഞത്. അപ്പുവിനെ 2021ല്‍ത്തന്നെ പിടികൂടിയിരുന്നു.
എന്നാല്‍ രണ്ടു വർഷത്തോളമായി മൊബൈൽ ഫോണ്‍ ഉപയോഗിക്കാത്ത അനീഷ് ഇത്രയും നാള് വിവിധ ഇടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. മാള എസ്ഐ വിമലും സംഘവും നടത്തിയ പഴുതടച്ച അന്വേഷണത്തിലാണു പ്രതി പിടിയിലായത്.