കെപിസിസി നേതൃത്വത്തിനെതിരേ അതൃപ്തി പരസ്യമാക്കി എ ഗ്രൂപ്പ്
Tuesday, June 6, 2023 12:38 AM IST
കൊച്ചി: കോൺഗ്രസിൽ ബ്ലോക്ക് പ്രസിഡന്റുമാരെ നിയമിച്ചതിൽ കെപിസിസി നേതൃത്വത്തിനെതിരേ അതൃപ്തി പരസ്യമാക്കി എ ഗ്രൂപ്പ്. അർധരാത്രി വാട്സ്ആപ്പിലൂടെ നടത്തിയ പാർട്ടി പുനഃസംഘടന ജനാധിപത്യപാർട്ടിയായ കോൺഗ്രസിനു യോജിച്ചതല്ലെന്ന് ബെന്നി ബെഹനാൻ എംപി തുറന്നടിച്ചു.
പാർട്ടിയിലെ സമവായം അട്ടിമറിക്കപ്പെട്ടു. സമവായത്തിലൂടെ പുനഃസംഘടനയെന്ന നിർദേശം നടപ്പായില്ല. രാത്രി പന്ത്രണ്ടിന് വാട്സ് ആപ്പിലൂടെയാണ് വിവരമറിഞ്ഞത്.
ഓരോരുത്തരെ ഓരോ ഭാഗത്തുനിന്ന് അടര്‍ത്തിയെടുത്ത് ചിലര്‍ സ്വന്തം ഗ്രൂപ്പുണ്ടാക്കാൻ ശ്രമിക്കുകയാണ്. പുതിയ ഗ്രൂപ്പുണ്ടാക്കിയാല്‍ നിലവിലുള്ള ഐക്യശ്രമങ്ങൾക്കു തിരിച്ചടിയാകും. ഉമ്മന്‍ചാണ്ടിയുടെ മനസറിയാതെയാണ് പുനഃസംഘടന നടന്നത്. കോണ്‍ഗ്രസിലെ ഐക്യശ്രമങ്ങള്ക്കെതിരാണ് ഇപ്പോഴത്തെ പുനഃസംഘടന. തീർത്തും നിരാശാജനകമാണ് നേതൃത്വത്തിന്റെ നടപടി. ഇതു തന്നെപ്പോലുള്ള നേതാക്കളെ അത്ഭുതപ്പെടുത്തുന്നു. ഇക്കാര്യത്തിൽ ഇനി കെപിസിസി പ്രസിഡന്റിനെ നേരിട്ടു കാണേണ്ട കാര്യമില്ല.
താനുൾപ്പടെ മുതിർന്ന നേതാക്കളുടെ അഭിപ്രായങ്ങൾ വിശ്വാസത്തിലെടുക്കാത്ത നേതൃത്വത്തിനെതിരേ ഏതുരീതിയിൽ മുന്നോട്ടുപോകുമെന്നത് ആലോചിക്കുമെന്നും ബെന്നി ബെഹനാൻ പറഞ്ഞു.
എ ഗ്രൂപ്പ് നേതാക്കളുടെ യോഗത്തിനുശേഷം കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.