ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എതിരേയുള്ള നീക്കങ്ങള്‍ അപലപനീയം: കെസിബിസി ജാഗ്രതാ കമ്മീഷന്
Thursday, June 8, 2023 3:21 AM IST
കൊച്ചി: ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേയുള്ള നീക്കങ്ങള്‍ അപലപനീയമെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്. മൂല്യാധിഷ്ഠിതവും സമഗ്രവുമായ വിദ്യാഭ്യാസത്തിനാണ് എക്കാലവും ക്രൈസ്തവ സ്ഥാപനങ്ങള്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത്. അച്ചടക്കത്തിനും ധാര്‍മിക മൂല്യങ്ങള്‍ക്കും ഏറ്റവുമധികം പ്രാധാന്യം നല്‍കിയുള്ള ശൈലിയാണ് ഇതുവരെയും ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പിന്തുടര്ന്നു പോന്നിട്ടുള്ളത്.
അക്രമ രാഷ്ട്രീയത്തിനും പലവിധ അരാജകത്വങ്ങള്‍ക്കും എതിരേയുള്ള നിലപാടുകള്‍മൂലം രാഷ്ട്രീയ-വര്‍ഗീയ പ്രത്യയശാസ്ത്രങ്ങള്‍ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ നീക്കങ്ങള്‍ നടത്തിയിട്ടുള്ള സംഭവങ്ങള്‍ക്ക് ഏറ്റവും ഒടുവിലെ ഉദാഹരണമായേ ഇപ്പോള്‍ അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളജിനെതിരേ നടക്കുന്ന പ്രചാരണങ്ങളെയും അനാവശ്യ സമരങ്ങളെയും കാണാന്‍ കഴിയൂ.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നിയന്ത്രണത്തിലുള്ള വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ഏകപക്ഷീയമായി കോളജിനെതിരേ തിരിഞ്ഞിരിക്കുന്നതും ദുരാരോപണങ്ങള്‍ ഉന്നയിച്ച് കോളജിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയതും ചില സ്ഥാപിത താത്പര്യങ്ങളോടെയാണെന്നു വ്യക്തം. ഇത്തരം പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും സമൂഹത്തില്‍ തെറ്റിദ്ധാരണ പടര്‍ത്തുകയും ചെയ്യുന്ന വിധത്തിലുള്ള മാധ്യമ ഇടപെടലുകള്‍ പതിവായി ഉണ്ടാകുന്നതും നിക്ഷിപ്ത താത്പര്യക്കാരുടെ മാധ്യമരംഗത്തെ ദുസ്വാധീനം വ്യക്തമാക്കുന്നുണ്ട്.
ചില മാധ്യമങ്ങളുടെ ഇത്തരം നീക്കങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തുള്ള ഇത്തരം നീക്കങ്ങള്‍ അപലപനീയമാണ്. സ്ഥാപനത്തിന്റെ സത്പേര് തകര്‍ക്കുക എന്ന ലക്ഷ്യം മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങളായേ അവയെ വിലയിരുത്താനാകൂ.
ആത്മഹത്യയെപ്പോലും അക്രമ രാഷ്ട്രീയത്തിനും തീവ്രവാദത്തിനുമുള്ള അവസരങ്ങളാക്കി മാറ്റുന്ന പ്രവണത കേരളത്തില്‍ ആപത്കരമാംവിധം ശക്തിപ്പെട്ടു വരുന്നു എന്നുള്ളതു വളരെ ഗൗരവമായി കാണേണ്ടതുണ്ടെന്നും ജാഗ്രതാ കമ്മീഷന് സെക്രട്ടറി ഫാ. മൈക്കിള്‍ പുളിക്കല്‍ അഭിപ്രായപ്പെട്ടു.