മദ്യം വിറ്റ പണംകൊണ്ടു നാട് ഭരിക്കുന്നത് അധാർമികം: കർദിനാൾ ക്ലീമിസ്
Saturday, June 10, 2023 12:13 AM IST
കൊച്ചി: മദ്യം വിറ്റ പണംകൊണ്ടു നാട് ഭരിക്കുന്നത് അധാർമികമാണെന്നു കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. പാലാരിവട്ടം പിഒസിയിൽ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ രജത ജൂബിലിയും സംസ്ഥാന സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മദ്യം സുലഭമായി ലഭ്യമാക്കി മനുഷ്യനെ ബോധം കെടുത്തി മനുഷ്യനല്ലാതാക്കുകയാണ് സർക്കാർ ചെയ്യുന്നത്. പിതാവ് സ്വന്തം കുഞ്ഞിനെ കൊല്ലുന്നു. ഭാര്യയെ വെട്ടിനുറുക്കി ഭർത്താവ് മൃഗത്തിന് ഭക്ഷണമായി നൽകുന്നു. ലഹരിയിൽ സുബോധം നഷ്ടപ്പെടുന്നവർ ദുരന്തമാകുന്ന സംഭവങ്ങൾ എത്രയോ ആണ് കേരളത്തിൽ നടക്കുന്നത്. 25,000 കോടിയുടെ ലഹരിമരുന്ന് പിടിച്ചെടുത്ത വാർത്ത വായിക്കുമ്പോൾ അത് നമ്മുടെ മക്കൾക്ക് നൽകാൻ കൊണ്ടുവന്നതാണെന്നോർക്കണം.
ഒരിടത്ത് ലഹരിവിരുദ്ധ ബോധവത്കരണം നടക്കുമ്പോൾ മറുവശത്ത് ലഹരിയുടെ വ്യാപകമായ കുത്തൊഴുക്കാണ്. ഇവ അവസാനിപ്പിച്ചേ തീരൂ. മക്കളെ മരണത്തിലേക്കു തള്ളിവിടാൻ ഞങ്ങളില്ലെന്ന നിലപാട് എല്ലാ കേരളീയരും സ്വീകരിക്കണമെന്നും കർദിനാൾ പറഞ്ഞു.
മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയർമാൻ ബിഷപ് ഡോ.യൂഹാനോൻ മാർ തെയഡോഷ്യസ് അധ്യക്ഷനായിരുന്നു. ഡോ. മാത്യു കുഴൽനാടൻ എംഎൽഎ മുഖ്യസന്ദേശം നൽകി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ.ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി ഫാ. ജോൺ അരീക്കൽ, സി.എക്സ്. ബോണി, ജെസി ഷാജി, കെ. അന്തോണിക്കുട്ടി, തോമസ്കുട്ടി മണക്കുന്നേൽ, സിബി ഡാനിയേൽ , തങ്കച്ചൻ കൊല്ലക്കൊമ്പിൽ എന്നിവർ പ്രസംഗിച്ചു.
മദ്യവിരുദ്ധ പ്രവർത്തനങ്ങളിലെ മികവിന് ഒന്നും ,രണ്ടും, മൂന്നും സ്ഥാനങ്ങൾക്കുള്ള പുരസ്കാരങ്ങൾ യഥാക്രമം ഇരിങ്ങാലക്കുട, തൃശൂർ, എറണാകുളം-അങ്കമാലി രൂപതകൾ ഏറ്റുവാങ്ങി.