ആഭ്യന്തരവകുപ്പിന്റെ പ്രവർത്തനത്തിൽ മുഖ്യമന്ത്രി-പ്രതിപക്ഷ വാക്പോര്
Wednesday, September 13, 2023 4:03 AM IST
അഭിമാനം
തിരുവനന്തപുരം: കേരളത്തിൽ ആഭ്യന്തരവകുപ്പ് അഭിമാനകരമായ പ്രവർത്തനമാണു കാഴ്ച വയ്ക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആഭ്യന്തരവകുപ്പ് ഒരു ഗൂഢസംഘത്തിന്റെയും കൈയിലല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ പറഞ്ഞു പ്രചരിപ്പിക്കുന്നതു പ്രത്യേക മാനസികാവസ്ഥയുടെ ഫലമായാണ്.
ആലുവയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തു കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ. അൻവർ സാദത്ത് നൽകിയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ആലുവയിലുണ്ടായതു ദൗർഭാഗ്യകരമായ സംഭവമാണ്. ഇത്തരം കാര്യങ്ങൾ നടക്കാതിരിക്കാൻ ആവശ്യമായ കരുതൽ നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ട്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്ന അടിസ്ഥാന കടമ പോലീസ് അഭിമാനകരമായ നിലയിൽ നിർവഹിക്കുന്നുണ്ട്. ജീവനും സ്വത്തിനും സംരക്ഷണമില്ലാത്ത സ്ഥിതി രാജ്യത്തു പലയിടത്തുമുണ്ട്. വർഗീയതയാണ് ഇതിനു കാരണമാകുന്നത്. അത്തരമൊരു അവസ്ഥ ഇവിടെ ഇല്ല.
ആലുവയിൽ സംഭവമുണ്ടായപ്പോൾത്തന്നെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്നുതന്നെ പ്രതിയെ പിടികൂടി. തിരൂരങ്ങാടിയിൽ മധ്യപ്രദേശ് സ്വദേശിയായ കുട്ടിയെ സമീപത്തു താമസിക്കുന്ന മധ്യപ്രദേശ് സ്വദേശിയായ യുവാവ് പീഡിപ്പിച്ചു. ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുകയാണ്. ആലപ്പുഴ അർത്തുങ്കലിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെയും അറസ്റ്റ് ചെയ്തു. ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ച് കാണിക്കേണ്ട കാര്യമില്ല.
രാത്രികാല പട്രോളിംഗ് ശക്തമാക്കാൻ ഡിജിപിക്കു നിർദേശം നൽകിയിട്ടുണ്ട്. പോലീസ് വാഹനത്തിനു പെട്രോൾ അടിക്കാൻ പണമില്ലാത്തതു കൊണ്ടാണു പട്രോളിംഗ് നടക്കാത്തതെന്ന പ്രതിപക്ഷ ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു.
അപമാനം
തിരുവനന്തപുരം: ആഭ്യന്തരവകുപ്പ് ഒരു ഗൂഢസംഘം ഹൈജാക്ക് ചെയ്തതിന്റെ ഫലമാണ് ഇന്നു നാട്ടിൽ അരങ്ങേറുന്ന അക്രമ സംഭവങ്ങളെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ആലുവയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന ബാലികയെ എടുത്തു കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ സഭ നിർത്തി വച്ചുള്ള ചർച്ച നിഷേധിച്ചതിനെ തുടർന്നു വാക്കൗട്ട് പ്രസംഗം നടത്തുകയായിരുന്നു സതീശൻ. ഗൂഢസംഘം ആഭ്യന്തരവകുപ്പ് ഏറ്റെടുത്തതോടെ പോലീസിലെ ഹയരാർക്കി തകർന്നു. ഡിജിപി വിളിച്ചാൽ എസ്പി ഫോണ് എടുക്കില്ല. സ്റ്റേഷൻ ഹൗസ് ഓഫീസർമാർ പറഞ്ഞാൽ പോലീസുകാർ അനുസരിക്കില്ല. എല്ലാം പാർട്ടി നേതാക്കൾ പറയുന്നതിനനുസരിച്ചു മാത്രമാണു നടക്കുന്നത്.
ഈ സർക്കാരും പോലീസും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു. ആവർത്തിച്ചു നടക്കുന്ന സംഭവങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങൾ എന്നു പറഞ്ഞ് മുഖ്യമന്ത്രി അഭിമാനിച്ചു നിൽക്കുകയാണ്.
പോക്സോ കേസിലെ പ്രതിയെ മാറ്റിക്കൊടുത്ത സിപിഎം നേതാവിനെ പാർട്ടിയിൽ തരംതാഴ്ത്തി. എന്നാൽ കേസ് എടുത്തോ? 94 വയസുള്ള ഗ്രോ വാസു മുദ്രാവാക്യം വിളിക്കുന്നതു തടയാൻ വായ് പൊത്തിയ പോലീസുകാരാണ് ഇവിടെയുള്ളത്.
മുദ്രാവാക്യം വിളിച്ചു വന്ന കമ്യൂണിസ്റ്റുകാരല്ലേ നിങ്ങൾ? ഉമ്മൻ ചാണ്ടിയേക്കുറിച്ചു നല്ലതു പറഞ്ഞതിന്റെ പേരിൽ മൃഗസംരക്ഷ വകുപ്പിലെ ജീവനക്കാരിയെ പിരിച്ചു വിടുകയും ആൾമാറാട്ടത്തിന്റെ പേരിൽ കേസെടുക്കുകയും ചെയ്തെന്നു സതീശൻ ആരോപിച്ചു.
കഴിഞ്ഞവർഷം 5315 ഒറ്റപ്പെട്ട സംഭവങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായതെന്നു സതീശൻ ചൂണ്ടിക്കാട്ടി.