ആരോഗ്യവകുപ്പിനെ സഹായിക്കാൻമൂന്നു കേന്ദ്ര സംഘങ്ങൾ ഇന്നു കേരളത്തിൽ
Wednesday, September 13, 2023 4:16 AM IST
കോഴിക്കോട്: നിപ ബാധിച്ചു മരിച്ചവരുമായി സന്പർക്കമുണ്ടായ മുഴുവൻ ആളുകളെയും കണ്ടെത്താൻ ആരോഗ്യവകുപ്പ് പോലീസിന്റെ സഹായം തേടി. മരണമടഞ്ഞവരുടെ സഞ്ചാരപാതയും അവരുമായി സന്പർക്കമുണ്ടായ മുഴുവൻ ആളുകളുടെ വിവരങ്ങളും തയാറാക്കി പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനാണു പോലീസിന്റെ സഹായം തേടിയിരിക്കുന്നത്.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഊർജിതമായ പ്രതിരോധ നടപടികൾ സ്വീകരിച്ചുവരുന്നതിനിടെ ആരോഗ്യവകുപ്പിനെ സഹായിക്കാനും പകർച്ചവ്യാധിയെക്കുറിച്ച് പഠിക്കാനുമായി മൂന്നു കേന്ദ്രസംഘങ്ങൾ ഇന്നു കേരളത്തിലെത്തും.
മരണമടഞ്ഞവരുടെ സന്പൂർണമായ സന്പർക്കപട്ടിക തയാറാക്കുകയെന്നതാണു നിലവിൽ ആരോഗ്യവകുപ്പിനുള്ള വെല്ലുവിളി. മരണമടഞ്ഞവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിൽ വച്ച് സന്പർക്കമുണ്ടായ ആളുകൾ, രോഗികൾ സഞ്ചരിച്ച വാഹനങ്ങൾ, സ്വന്തം നാട്ടിലെ സന്പർക്കം തുടങ്ങിയ കാര്യങ്ങൾ സിസി ടിവി ദൃശ്യങ്ങളുടെയടക്കം സഹായത്തോടെ ശേഖരിച്ച് സന്പൂർണമായ സന്പർക്കപട്ടിക തയാറാക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.
മരണടമടഞ്ഞ രണ്ടുപേർക്കുമായി 250 ലേറെ പേരുമായി സന്പർക്കമുണ്ടായിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക കണക്ക്. ഒരു രോഗിയുടെ സന്പർക്കപട്ടികയിൽ മൊത്തം 158 പേരാണുള്ളത്. ഇതിൽ 127 പേർ ആരോഗ്യപ്രവർത്തകരാണ്. ബാക്കി 31 പേർ വീട്ടിലെയും വീട്ടുപരിസരത്തെയും ആളുകളാണ്. രണ്ടാമത്തെ രോഗിയുടെ സന്പർക്കപട്ടികയിൽ 100 ലേറെ പേരാണുള്ളത്. ഇതിൽ 10 പേരെ മാത്രമേ തിരിച്ചറിയാൻ കഴിഞ്ഞിട്ടുള്ളുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.