ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനം തുടങ്ങി
Wednesday, September 13, 2023 4:16 AM IST
കോഴിക്കോട്: ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. വടകരയ്ക്കടുത്ത ആയഞ്ചേരി ഗ്രാമപഞ്ചായത്തിലും കുറ്റ്യാടിക്കടുത്ത മരുതോങ്കര ഗ്രാമപഞ്ചായത്തിലുമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. ഇവിടങ്ങളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പനിസർവേ തുടങ്ങി.
ആരോഗ്യവകുപ്പ് 16 ടീമുകളുടെ കോര്‍ കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. 16 ഓഫീസര്‍മാരാണ് 16 ടീമുകള്‍ നയിക്കുക. സമ്പര്‍ക്ക പട്ടിക തയാറാക്കുന്നതുള്‍പ്പെടെ ഇവര്‍ക്ക് 16 കര്‍ത്തവ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. എല്ലാ ആശുപത്രികളിലും പകര്‍ച്ചവ്യാധി നിയന്ത്രണ സംവിധാനം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
നിപ ബാധിച്ച് മരിച്ചവരുമായി ബന്ധപ്പെട്ട 168 പേരുടെ സമ്പര്‍ക്ക പട്ടിക ഇതിനകം തയാറാക്കിയിട്ടുണ്ട്. ഇവര്‍ ചികില്‍സ തേടിയ വടകരയിലെ ക്ലിനിക്കിലും സ്വകാര്യ ആശുപത്രിയിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിലും അന്ന് ചികില്സയിലുണ്ടായിരുന്നവരുെട പട്ടികയാണ് തയാറാക്കിയിട്ടുള്ളത്. ഇവരോടു ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഇവരെ പരിശോധിച്ച ഡോക്ടര്‍മാരും നഴ്സുമാരുമടക്കമുള്ള എല്ലാ ആരോഗ്യ പ്രവര്‍ത്തകരും നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ തവണ നിപ തടഞ്ഞതിന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ആയഞ്ചേരി പഞ്ചായത്തിലും മരുതോങ്കരയിലും വീടുകയറിയുള്ള സര്‍വേ തുടങ്ങിയിട്ടുണ്ട്. 90 വീടുകളില്‍ ഇതിനകം സര്‍വേ നടന്നു. ജില്ലയിലെ എല്ലാ ആശുപത്രികളിലും ചികിത്സാസംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡ് ഒരുക്കി. ഹൈറിസ്ക് ഉള്ളവരെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റും. പനി ലക്ഷണം ഉള്ളവരെ ആശുപത്രിയിലേക്കു മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്.