ടെലഗ്രാം ഗ്രൂപ്പ് വഴി കേരളത്തിൽ ഐഎസ് റിക്രൂട്ടിന് നബീല്‍ ശ്രമിച്ചു
Wednesday, September 13, 2023 4:16 AM IST
കൊച്ചി: ടെലഗ്രാം ഗ്രൂപ്പ് മുഖേന കേരളത്തിലും ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കം നടന്നിരുന്നതായി എന്‍ഐഎ. കഴിഞ്ഞദിവസം ചെന്നൈ വിമാനത്താവളത്തില്‍നിന്നു പിടിയിലായ തൃശൂര്‍ സ്വദേശി നബീല്‍ അഹമ്മദിനെ ചോദ്യംചെയ്തതില്‍നിന്നാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചിട്ടുള്ളത്.
നബീലാണ് ഈ നീക്കത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും എന്‍ഐഎ വ്യക്തമാക്കുന്നു. പെറ്റ് ലവേഴ്സ് എന്ന പേരില്‍ ടെലഗ്രാം ഗ്രൂപ്പ് നിര്‍മിച്ച് ഇതിലൂടെ പ്രവര്‍ത്തനം നടത്താനാണു പദ്ധതിയിട്ടത്.
ക്രൈസ്തവ പുരോഹിതനെ വധിക്കാനും ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നതായാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഖത്തറില്‍നിന്നാണ് നബീല്‍ ഐഎസ് ഭീകരരുമായി ബന്ധം സ്ഥാപിച്ചത്. ഈ സംഘത്തിന്റെ സഹായത്തോടെയാണ് കേരളത്തിലും പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനിച്ചതെന്നാണ് വിവരം. ഭീകരാക്രമണത്തിന് പദ്ധതിയിട്ടതില്‍ നബീൽ മുഖ്യകണ്ണിയാണെന്ന് എന്‍ഐഎ കോടതിയില്‍ അറിയിച്ചിരുന്നു. നിലവില്‍ ഈ മാസം 16 വരെ എന്‍ഐഎ കസ്റ്റഡിയിലാണ് നബീല്‍.
ആക്രമണ പദ്ധതികളുടെ ധനസമാഹരണ ചുമതലയും ആസൂത്രണവും നിര്‍വഹിച്ചിരുന്നവരില്‍ ഒരാള്‍ നബീലാണ്. നേരത്തേ മലയാളി ഐഎസ് ഭീകരരായ ആഷിഫും ഷിയാസ് സിദ്ദിഖും പിടിയിലായിരുന്നു. കേസില്‍ രണ്ടാം പ്രതിയാണ് നബീല്‍. കര്‍ണാടകയിലും തമിഴ്നാട്ടിലുമായി ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. വ്യാജരേഖകളുമായി നേപ്പാളിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് എന്‍ഐഎ പിടികൂടിയത്.