പത്രസമ്മേളനത്തിലെ വാക്കുതർക്കം: വിശദീകരണവുമായി വി.ഡി. സതീശൻ
Thursday, September 21, 2023 12:28 AM IST
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിന്റെ തുടക്കത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും തമ്മിലുണ്ടായ തർക്കം കാണിക്കുന്ന വീഡിയോയ്ക്കു വിശദീകരണവുമായി വി.ഡി. സതീശൻ.
പുതുപ്പള്ളി വിജയത്തിന്റെ ഫുൾ ക്രെഡിറ്റ് തനിക്കു നൽകുമെന്ന് കെ. സുധാകരൻ പറഞ്ഞിരുന്നു. അതു വേണ്ടെന്നു താനും പറഞ്ഞു. എന്നാൽ അങ്ങനെ പറയുമെന്നു സുധാകരൻ വീണ്ടും വാശി പിടിച്ചു. അതു തടയാനാണ് താൻ ആദ്യം സംസാരിക്കാൻ ശ്രമിച്ചത്. എന്നാൽ സുധാകരൻ സംസാരിക്കാൻ നിർബന്ധം പിടിക്കുകയായിരുന്നു. തൊണ്ടയ്ക്കു സുഖമില്ലാതിരുന്നതു കൊണ്ടാണ് കൂടുതൽ സംസാരിക്കാതിരുന്നതെന്നും സതീശൻ വിശദീകരിച്ചു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നതിനു പിന്നാലെയായിരുന്നു ഇരുവരും ചേർന്നു പത്രസമ്മേളനം വിളിച്ചത്. ആര് ആദ്യം സംസാരിച്ചു തുടങ്ങുമെന്നതിനെ ചൊല്ലിയുള്ള തർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സതീശൻ സംഭവത്തെക്കുറിച്ചു വിശദീകരിച്ചത്.
ഞാൻ തുടങ്ങാം എന്നു സുധാകരനും ഇല്ലില്ല ഞാൻ തുടങ്ങാം എന്നു സതീശനും പറയുന്നതു കേൾക്കാം. കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ ഞാനല്ലേ തുടങ്ങേണ്ടത് എന്നു സുധാകരൻ പറയുന്നു.
ഇതേത്തുടർന്ന് സതീശൻ ചാനൽ മൈക്കുകൾ സുധാകരന്റെ മുന്നിലേക്കു നീക്കി വച്ചു കൊടുക്കുന്നതും കാണാം. പിന്നീട് സതീശനോട് വാർത്താലേഖകർ ചോദ്യങ്ങൾ ചോദിച്ചപ്പോൾ പ്രസിഡന്റ് എല്ലാം പറഞ്ഞിട്ടുണ്ടല്ലോ എന്നു പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു.