പദ്ധതികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിനോട് ഇടതുമുന്നണി
Thursday, September 21, 2023 1:41 AM IST
തിരുവനന്തപുരം: സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ലൈഫ് മിഷന് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ വേഗത്തിലാക്കാന്‍ ഇടതുമുന്നണി നിര്‍ദേശം. ലോക്സഭ തെരഞ്ഞെടുപ്പു കൂടി വരുന്ന സാഹചര്യത്തില്‍ ഏറ്റെടുത്ത ജനകീയ പദ്ധതികള്‍ പൂര്‍ത്തിയാക്കണം.
മന്ത്രിമാരുടെ നേതൃത്വത്തില്‍ അവരുടെ വകുപ്പുകളുമായി ബന്ധപ്പെട്ട പദ്ധതികള്‍ അവലോകനം ചെയ്യണമെന്നും ഇതിനനുസരിച്ചു പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കണമെന്നും ഇന്നലെ ചേര്‍ന്ന ഇടതുമുന്നണി യോഗം സര്‍ക്കാരിനു നിര്‍ദേശം നല്കി.
നവംബര്‍ 15മുതല്‍ ഡിസംബര്‍ 24 വരെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ 140 മണ്ഡലങ്ങളിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള വിപുലമായ സദസ് സംഘടിപ്പിക്കുമെന്നു യോഗത്തിനു ശേഷം ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന് പറഞ്ഞു.
മുഖ്യമന്ത്രി എല്ലാ മണ്ഡലങ്ങളിലും ജനകീയ സദസില്‍ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി ബൂത്തു മുതല്‍ ജില്ലാ തലം വരെ സംഘാടക സമിതികള്‍ രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ തുടങ്ങും.
ജനകീയ സദസിന്റെ ഉദ്ഘാടനം മഞ്ചേശ്വരത്ത് ആരംഭിച്ചു തിരുവനന്തപുരത്തു സമാപിക്കുമെന്നും ജയരാജന് വ്യക്തമാക്കി. പ്രതിപക്ഷ എംഎല്‍എമാരുള്ള മണ്ഡലങ്ങളിലും പരിപാടി നടക്കും. സര്‍ക്കാര്‍ പരിപാടിയായതിനാല്‍ അവരുടെ മണ്ഡലങ്ങളിലും ഇതിനായുള്ള ഒരുക്കങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭ പുനഃസംഘടന ഇടതുമുന്നണി ചര്‍ച്ച ചെയ്തില്ല. നേരത്തേ ഇടതുമുന്നണി തീരുമാനിച്ചതു പ്രകാരമുള്ള കാര്യങ്ങള്‍ നടക്കുമെന്നും മന്ത്രിമാരുടെ എണ്ണം കൂടില്ലെന്നും ഇ.പി.ജയരാജന് പറഞ്ഞു.
മണ്ഡല പര്യടനം: മന്ത്രിമാർക്കു മേൽനോട്ടം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പര്യടനം ജില്ലകളിൽ വിജയകരമായി സംഘടിപ്പിക്കുന്നതിന് ജില്ലയിലെ മന്ത്രിമാർ മേൽനോട്ടം വഹിക്കും.
മന്ത്രിമാർ ഇല്ലാത്ത ജില്ലകളുടെ ചുമതല ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരെ ഏൽപ്പിക്കും. ജില്ലകളിൽ പരിപാടിയുടെ വിജയകരമായി നടത്തിപ്പിനുള്ള ചുമതല ബന്ധപ്പെട്ട ജില്ലാ കളക്ടർക്കായിരിക്കും.
പരിപാടി വിജയിപ്പിക്കാൻ ആവശ്യമായ കാര്യങ്ങൾക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. പാർലമെന്ററികാര്യ മന്ത്രി പരിപാടിയുടെ സംസ്ഥാനതല കോ-ഓർഡിനേറ്ററാകും.