വി.പി. ജോയിക്ക് ഉയർന്ന ശന്പളം നൽകാൻ സർക്കാർ
സ്വന്തം ലേഖകൻ
Friday, September 22, 2023 5:23 AM IST
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ പബ്ലിക് എന്റർപ്രൈസസ് ബോർഡ് ചെയർമാനായി നിയമിച്ച മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിക്ക് ഉയർന്ന ശന്പളം നൽകാൻ ചട്ടത്തിൽ ഇളവു നൽകാൻ സർക്കാർ.
സർക്കാർ സർവീസിൽനിന്നു വിരമിച്ച ശേഷം നിയമനം നൽകുന്പോൾ പെൻഷൻ കിഴിച്ചുള്ള തുകയാണു ശന്പളമായി നൽകാറുള്ളത്. കേരള സർവീസ് റൂൾസിൽ ഇതു പ്രത്യേകമായി എടുത്തുപറയുന്നുണ്ട്. എന്നാൽ വി.പി. ജോയിയുടെ നിയമനത്തിൽ പ്രത്യേക ഇളവു നൽകാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.
ഇതു കീഴ്വഴക്കമാകുന്നതോടെ നിലവിൽ വിവിധ ബോർഡുകളിലും കോർപറേഷനുകളിലും തലപ്പത്തിരിക്കുന്നവരും ഇനി വരാൻ സാധ്യതയുള്ളവരും ഇതേ മാതൃക ആവശ്യപ്പെടും. ഇതു സംസ്ഥാന സർക്കാരിനു വൻ സാന്പത്തിക ബാധ്യതയാകും.
സൃഷ്ടിക്കും.
വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ നിയമനം നടത്തുന്നതിനായാണ് പബ്ളിക് എന്റർപ്രൈസസ് ബോർഡ് രൂപീകരിച്ചത്. ഇതിന്റെ ആദ്യ ചെയർമാനായാണ് ചീഫ് സെക്രട്ടറി പദവിയിൽ നിന്നു വിരമിച്ചതിനു തൊട്ടു പിന്നാലെ വി.പി. ജോയിയെ നിയമിക്കുകയും ചെയ്തു.