മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരേയുള്ള ആരോപണം : ദേശീയ ഏജന്‍സി അന്വേഷിക്കണം - ഷോണ്‍ ജോര്‍ജ്
Wednesday, September 27, 2023 6:18 AM IST
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരേ തെളിവടക്കം ഉയര്‍ന്ന അഴിമതി, മാസപ്പടി ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് കോട്ടയം ജില്ലാ പഞ്ചായത്ത് മെംബറും കേരള ജനപക്ഷം സെക്രട്ടേറിയറ്റ് അംഗവുമായ അഡ്വ. ഷോണ്‍ ജോര്‍ജ് കേന്ദ്ര ആഭ്യന്തര വകുപ്പിനു കീഴിലുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്ക് പരാതി നല്കി.
വീണ വിജയനും അവരുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയും 1.72 കോടി രൂപ കൊച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടയില്‍ ലിമിറ്റഡില്‍നിന്ന് കൈപ്പറ്റിയതായി രേഖകള്‍ പുറത്തുവന്നു. വിവിധ രാഷ്ട്രീയ നേതാക്കള്‍ക്ക് ഉള്‍പ്പെടെ ഇതേ സ്ഥാപനം 2016-19 കാലത്ത് 135 കോടി രൂപ സംഭാവനയും നല്കി.
ഇതേ പബ്ലിക് ലിമിറ്റഡ് കമ്പനിയില്‍ നിന്ന് ഓഹരി ഉടമകള്‍ക്ക് ലഭിക്കാന്‍ അര്‍ഹമായ ലാഭവിഹിതമാണ് പല നേതാക്കള്‍ക്കും കോഴയായി നല്‍കിയിരിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരേ തെളിവുകളുള്ള കോഴ ആരോപണത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഏജൻസിയുടെ അന്വേഷണമുണ്ടാകുന്നില്ലെങ്കില് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.