ഒരു കറുത്ത വറ്റ് കിട്ടിയാൽ ചോറാകെ മോശമോ
Thursday, September 28, 2023 7:05 AM IST
തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടി ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നീക്കമാണെന്നു സംശയിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്്ട്രീയ ലക്ഷ്യത്തോടെയുള്ള വേട്ടയാടലിനാണ് ഈ ഏജൻസികൾ ഇപ്പോൾ ശ്രമിക്കുന്നത്. മറ്റു പല സംസ്ഥാനങ്ങളിലും നടക്കുന്ന ബാങ്കിംഗ് ക്രമക്കേടുകളെക്കുറിച്ചോ തട്ടിപ്പുകളെക്കുറിച്ചോ നിസംഗത പാലിക്കുന്ന ഏജൻസികൾ കരുവന്നൂരിൽ കാണിക്കുന്ന ഉത്സാഹത്തിന്റെ പിന്നിൽ എന്തെന്ന് ആർക്കും മനസിലാകും.
വലിയ പാത്രത്തിലെ ചോറിൽനിന്ന് ഒരു കറുത്ത വറ്റ് തെരഞ്ഞു കണ്ടുപിടിച്ച്, ആ ചോറാകെ മോശമാണെന്ന് പറയുന്നതുപോലെയാണു കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനെതിരേ കുപ്രചാരണം നടക്കുന്നത്.
സഹകരണ രജിസ്ട്രാറുടെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 16,255 സഹകരണ സംഘങ്ങളാണുള്ളത്. ഇതിലെ കൃത്യമായ പരിശോധനകൾ എല്ലാക്കാലത്തും നടക്കുന്നുണ്ട്. 98.5 ശതമാനം സംഘങ്ങളും കുറ്റമറ്റ രീതിയിലാണ് പ്രവർത്തിക്കുന്നത്. 1.5 ശതമാനത്തിൽ താഴെ സംഘങ്ങളിലാണ് ചില ക്രമക്കേടുകൾ കണ്ടെത്തിയത്.
ക്രമക്കേട് തടയാൻ 50 വർഷം മുന്പുള്ള നിയമം പരിഷ്കരിച്ചതും ഓഡിറ്റിംഗ് ഏർപ്പെടുത്തിയതുമെല്ലാം എൽഡിഎഫ് സർക്കാരാണ്. എന്നാൽ കരുവന്നൂരിൽ പോലീസും ക്രൈംബ്രാഞ്ചും ക്രിയാത്മകമായ അന്വേഷണമാണ് നടത്തിയത്.
ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഇഡി രംഗപ്രവേശം ചെയ്യുകയും ഫയലുകളും രേഖകളും പിടിച്ചെടുക്കുകയും ചെയ്തത്. രാഷ്്്ട്രീയലക്ഷ്യത്തോടെ ഇഡി എത്തുന്നതിനു മുന്പുതന്നെ ക്രൈംബ്രാഞ്ച് കാര്യക്ഷമമായി അന്വേഷണം നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേതാക്കളുടെ ബിനാമി ഇടപാട് ഇവിടെയില്ല
തിരുവനന്തപുരം: നേതാക്കളുടെ ബിനാമി ഇടപാട് കേരളത്തിൽ ഇല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അവർ (ഇഡി) വേറിട്ട സംസ്കാരത്തിൽ നിന്നു വരുന്നതുകൊണ്ടാണ് ഇവിടെയും നേതാക്കളുടെ ബിനാമി ഇടപാടുണ്ടെന്നു സംശയിക്കുന്നത്. അതു കേരളത്തിൽ നടപ്പില്ലെന്നുമാണ് അന്വേഷണം നേരിടുന്ന ചിലരെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മുഖ്യമന്ത്രി മറുപടി നൽകിയത്.