പ്ലസ്വണ് വിദ്യാർഥിയുടെ ആത്മഹത്യക്കു പിന്നിൽ എൻസിആർബിയുടെ പേരിലുള്ള വ്യാജസൈറ്റ്
Saturday, September 30, 2023 1:08 AM IST
കോഴിക്കോട്: ഓണ്‍ലൈൻ തട്ടിപ്പ് സംഘത്തിന്റെ ഭീഷണിയെത്തുടർന്ന് കോഴിക്കോട് പ്ലസ്വണ് വിദ്യാർഥി ജീവനൊടുക്കിയെന്ന പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി.
ചേവായൂർ സ്വദേശി ആദിനാഥൻ (14) ആണ് ആത്മഹത്യാ കുറിപ്പ് എഴുതിവച്ച ശേഷം ബുധനാഴ്ച വൈകുന്നേരം ജീവനൊടുക്കിയത്. കുറിപ്പ് കണ്ടെത്തിയതിനെത്തുടർന്ന് ബന്ധുക്കൾ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെയാണു പോലീസ് അന്വേഷണം.
ലാപ്ടോപിൽ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ 33,900 രൂപ പിഴ അടയ്ക്കണമെന്നും അല്ലെങ്കിൽ ജയിലിൽ അടയ്ക്കുമെന്നും സൂചിപ്പിച്ച് നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ (എൻസിആർബി)യുടെ സന്ദേശം ലഭിച്ചുവെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. പിഴ അടച്ചില്ലെങ്കിൽ വർഷങ്ങളോളം ജയിലിൽ കഴിയേണ്ടിവരുമെന്നും തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽനിന്ന് ഉടൻ ആളുകളെത്തുമെന്നും പറഞ്ഞ് വിദ്യാർഥിയെ എല്ലാ വിധത്തിലും ഭയപ്പെടുത്തുന്ന രീതിയിലാണു തട്ടിപ്പുകാർ സന്ദേശം അയച്ചത്.
ഇതിനു പിന്നാലെയാണ്, സിനിമ കണ്ടതല്ലാതെ ഞാൻ വേറെ തെറ്റൊന്നും ചെയ്തിട്ടില്ലെന്നു സൂചിപ്പിക്കുന്ന കുറിപ്പ് തയാറാക്കിയ ശേഷം വിദ്യാർഥി ജീവനൊടുക്കിയത്. തനിക്ക് കുറേ പ്രയാസങ്ങൾ ഉണ്ടെന്നും അത് എല്ലാവരോടും പറയാൻ പറ്റുമോ എന്നറിയില്ലെന്നുമുള്ള ഏതാനും വാചകങ്ങളും ആത്മഹത്യാ കുറിപ്പിലുണ്ട്. ഈ സാഹചര്യത്തിൽ ആത്മഹത്യക്കു പിന്നിൽ മറ്റു കാരണങ്ങളുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
അമ്മയുടെ ലാപ്ടോപാണ് വിദ്യാർഥി ഉപയോഗിച്ചിരുന്നത്. എൻസിആർബിയുടെ പേരിലുള്ള വ്യാജ സൈറ്റിൽനിന്നാണ് വിദ്യാർഥിക്കു ഭീഷണിസന്ദേശം എത്തിയതെന്ന വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്.
ഈ സൈറ്റിൽ എൻസിആർബിയുടെ എംബ്ലവും ലോഗോയും ഉണ്ടായിരുന്നു. ചില സൈറ്റുകളിൽ പ്രവേശിക്കുന്പോഴാണ് ഇത്തരത്തിലുള്ള ഭീഷണിസന്ദേശം തട്ടിപ്പുകാർ അയയ്ക്കുന്നത്. ഭീഷണിസന്ദേശം അയച്ച സൈറ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാൻ പോലീസ് സൈബർ പോലീസിന്റെ സഹായം തേടി. വ്യാജ സൈറ്റ് ഓപ്പണായാൽ ലാപ്ടോപ് നിശ്ചലമാകും.
ക്രെഡിറ്റ് കാർഡിന്റെ വിവരങ്ങൾ രേഖപ്പെടുത്താനുള്ള സ്ഥലത്തു മാത്രമേ മൗസ് പ്രവർത്തിക്കുകയുള്ളൂ. അതിനിടെ എൻസിആർബിയുടെ പേരും എംബ്ലവും ദുരുപയോഗം ചെയ്ത് തട്ടിപ്പുകാർ ഭീഷണി സന്ദേശം അയച്ചത് പോലീസ് രഹസ്യാന്വേഷണ വിഭാഗങ്ങൾ ഉന്നതോദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഭീഷണി പോണ്‍സൈറ്റുകളുടെ പേരിൽ
നിയമവിരുദ്ധ സൈറ്റുകളുടെ പേരു പറഞ്ഞാണ് ഓണ്‍ലൈൻ തട്ടിപ്പുസംഘം ആളുകളെ ഭീഷണിപ്പെടുത്തുന്നത്. ഉദാഹരണത്തിന്, qumain.online എന്ന് ഇന്റർനെറ്റിൽ പരതിയാൽ നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ എന്നു കാണുന്ന ലിങ്കാണു പ്രത്യക്ഷപ്പെടുക. ഇതിൽ ക്ലിക്ക് ചെയ്താൽ എൻസിആർബിയുടെ പേരിൽ തയാറാക്കിയ വ്യാജ സൈറ്റ് ഓപ്പണാകും. ഉടനടി കംപ്യൂട്ടർ/ മൊബൈൽ ഫോണ്‍ നിശ്ചലമാകും.
നിങ്ങൾ നിയമവിരുദ്ധമായ പോണ് സൈറ്റുകളിൽ പ്രവേശിച്ചുവെന്നും സിസ്റ്റം ലോക്കായിയെന്നും പിഴ അടച്ചില്ലെങ്കിൽ ജയിലിൽ അടയ്ക്കുമെന്നും പറഞ്ഞാണ് ശബ്ദസന്ദേശങ്ങൾ വന്നുതുടങ്ങുക. തൊട്ടുതാഴെ പിഴ അടയ്ക്കാനായി ക്രെഡിറ്റ് കാർഡിന്റെ വിവരങ്ങൾ നൽകാനുള്ള കോളം പ്രത്യക്ഷപ്പെടും. ഈ കോളത്തിൽ ക്രെഡിറ്റ് കാർഡ് രേഖപ്പെടുത്താനല്ലാതെ മറ്റൊന്നിനും മൗസ് പ്രവർത്തിക്കില്ല.
ഓപ്പണായ വ്യാജ സൈറ്റ് ക്ലോസ് ചെയ്യാൻ കഴിയാതെ സിസ്റ്റം നിശ്ചലമാകുന്പോൾ എൻസിആർബിയാണ് ഇതിനു പിന്നിലെന്ന് ആളുകൾ തെറ്റിദ്ധരിക്കും. ഈ പണം തട്ടിപ്പു സംഘത്തിനാണു ലഭിക്കുക. ഇതുപോലുള്ള കെണിയിലാണ് വിദ്യാർഥിയെ അകപ്പെടുത്തിയതെന്നാണ് പോലീസിന്റെ സംശയം.