പ്രതിപക്ഷ പാര്‍ട്ടികള്‍ ഇഡിക്ക് സഹായം ചെയ്യുന്നു: എം.വി. ഗോവിന്ദന്
Monday, October 2, 2023 5:06 AM IST
കണ്ണൂര്‍: മാധ്യമങ്ങള്‍ ഇടതുപക്ഷത്തെ വേട്ടയാടുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ഇഡി അതിനൊപ്പം ചേരുന്നു. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇഡിക്ക് എല്ലാ സഹായവും ചെയ്യുകയാണെന്നും ഗോവിന്ദന് പറഞ്ഞു.
ശാരീരിക അതിക്രമം നടത്താന്‍ ഇഡിക്ക് എന്താണ് അധികാരം? തെറ്റായ കാര്യങ്ങള്‍ നടന്നുവെങ്കില് പരിശോധിക്കാം. സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പയ്യാന്പലത്ത് നിർമിച്ച സ്തൂപത്തിന്റെ അനാച്ഛാദനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സിപിഎം നേതാവുമായ പി.ആര്. അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടില്‍ 63 ലക്ഷം വന്നുവെന്ന രീതിയില്‍ പ്രചാരണം നടത്തി. അവസാനം രണ്ടു ചന്ദ്രമതിയും വേറെയാണെന്നു തെളിഞ്ഞില്ലേയെന്നും എം.വി. ഗോവിന്ദന് ചോദിച്ചു.
രണ്ടാഴ്ചയ്ക്കുള്ളില്‍ എത്ര കള്ളത്തരങ്ങളാണ് ഇഡി പ്രചരിപ്പിക്കുന്നത്. എം.കെ. കണ്ണനും എ.സി. മൊയ്തീനുമെതിരേ എത്ര വ്യാജവാര്ത്തകളാണു പ്രചരിപ്പിക്കുന്നത്. സുരേഷ് ഗോപിക്ക് തൃശൂരില്‍ കളമൊരുക്കുന്നതിന്റെ ഭാഗമാണോയെന്നു സംശയിക്കുന്നതിൽ തെറ്റില്ല. സഹകരണ മേഖലയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണു നടക്കുന്നത്. പാര്‍ട്ടി നേതാക്കളെ കള്ളക്കേസില്‍ കുടുക്കി പാര്‍ട്ടിയെയും സര്‍ക്കാരിനെയും തകര്‍ക്കാനുള്ള ആസൂത്രിതമായ നീക്കമാണു നടക്കുന്നത്. അത് അംഗീകരിക്കാനാകില്ല- എം.വി. ഗോവിന്ദന് പറഞ്ഞു.