കുസാറ്റില്‍ ഇന്ന് ക്ലാസ് പുനരാരംഭിക്കും
Thursday, November 30, 2023 1:15 AM IST
കൊച്ചി: കുസാറ്റില്‍ നാലു പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച ക്ലാസുകള്‍ ഇന്ന് പുനരാരംഭിക്കും. സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗിലെ അഞ്ചും ഏഴും സെമസ്റ്റര്‍ ക്ലാസുകളാണ് ഇന്ന് തുടങ്ങുന്നത്.
ഒന്നും മൂന്നും സെമസ്റ്റര്‍ തിങ്കളാഴ്ച ആരംഭിക്കും. ദുരന്തത്തിന്റെ ആഘാതത്തില്‍നിന്ന് മടങ്ങിയെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് വിപുലമായ കൗണ്‍സലിംഗ് സൗകര്യമാണ് യുവജനക്ഷേമ വിഭാഗം ഒരുക്കിയിട്ടുള്ളത്.
ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന എല്ലാവര്ക്കും കൗണ്‍സലിംഗ് നല്കി. ജില്ലാ മാനസികാരോഗ്യ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ദയ പാസ്കലിന്റെ നേതൃത്വത്തിലാണ് കൗണ്‍സലിംഗ് നല്‍കിയത്. ഭൂരിപക്ഷം വിദ്യാര്‍ഥികളും കടുത്ത മാനസികാഘാതം നേരിടുന്നതായി യൂത്ത് വെല്‍ഫെയര്‍ ഡയറക്്ടര്‍ ഡോ. പി.കെ. ബേബി പറഞ്ഞു.