വിരൽത്തുന്പിൽ സ്വപ്നം മെനഞ്ഞ് ഫാത്തിമ തൻഹ
Saturday, December 2, 2023 1:08 AM IST
തിരുവനന്തപുരം: വിരൽത്തുന്പിൽ സ്വപ്നങ്ങൾ മെനഞ്ഞെടുത്ത് ഫാത്തിമ തൻഹ. ഇന്നലെ പട്ടം സെന്റ് മേരീസ് എച്ച്എസ്എസിൽ നടന്ന സ്പെഷൽ സ്കൂൾ പ്രവൃത്തി പരിചയ മേളയിൽ കയറുകൊണ്ടുള്ള ചവിട്ടിമെത്ത മെടഞ്ഞെടുത്ത ആറാം ക്ലാസുകാരി ഫാത്തിമ തൻഹ ഏറെ ആത്മവിശ്വാസത്തിലാണ്.
കാഴ്ചപരിമിതിയുള്ള ഫാത്തിമയ്ക്ക് തന്റെ വിരൽത്തുന്പുകളാണ് കണ്ണും കാതും. മുട്ടുകാലിൽ ഇരുന്ന് മുഖം അൽപം ചരിച്ച് അവൾ ചവിട്ടിമെത്ത മെടയുന്പോൾ വലതുകൈയുടെ ചൂണ്ടിവിരൽ അതിവേഗം ചലിക്കുന്ന കാഴ്ച അതിശയിപ്പിക്കുന്നതാണ്.
മലപ്പുറം മങ്കട വള്ളിക്കാപ്പറ്റ അന്ധവിദ്യാലയത്തിൽ നിന്നാണ് ഈ കൊച്ചുമിടുക്കി സ്പെഷൽ സ്കൂൾ പ്രവൃത്തി പരിചയ മേളയിൽ മത്സരിക്കാനെത്തിയത്. പച്ചയും ചുവപ്പും നിറത്തിലുള്ള കയറുപയോഗിച്ച് തയാറാക്കിയ ചവട്ടിമെത്ത ഏറെ ആകർഷകമാണ്. തിരൂർ സ്വദേശിയായ ഫാത്തിമ ആദ്യമായാണ് സംസ്ഥാന മേളക്കെത്തുന്നത്.