ചന്ദ്രയാന്റെ പ്രദർശനവുമായി മേരി ഇമാക്കുലേറ്റ് സ്കൂൾ
Saturday, December 2, 2023 1:08 AM IST
തിരുവവന്തപുരം: ചന്ദ്രയാന്റെ പ്രവർത്തനങ്ങൾ വിവരിച്ച് ആലപുഴ മേരി ഇമാക്കുലേറ്റ് ഹൈ സ്കൂളിലെ വിദ്യാർഥിനികളായ ആൽഫിയ എ. ഗോമസും, ടി.എസ്. അനുലക്ഷ്മിയും, ഇരുന്പിൽ തീർത്തിരിക്കുന്ന ഭ്രമണ പഥം, ഭൂമി, റിമോട്ടിൽ പ്രവർത്തിക്കുന്ന റോക്കറ്റ്... എല്ലാം കൊണ്ടും ഒരു കുഞ്ഞ് ചന്ദ്രയാനാണ് ഇവർ മത്സരത്തിനായി ഒരുക്കിയത്. റിമോട്ടിലാണ് ചന്ദ്രയാന്റെ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത്. റിമേട്ടിന്റെ കീ ഓണാക്കിയാൽ ഭൂമിയിൽ നിന്നും റോക്കറ്റ് യാത്രയാരംഭിക്കും. ഓരോ ഘട്ടങ്ങളും കഴിഞ്ഞ് അവസാനം ചന്ദ്രന്റെ ഭ്രമണപഥത്തിലേയ്ക്കു സുരക്ഷിതമായി ലാൻഡിംഗ്.
ഏവരെയും അതിശയിപ്പിക്കുന്ന ഒരു കാഴ്ചയാണ് ഈ മിടുക്കികൾ തയാറാക്കിയത്. സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ വേണ്ട നിർദേശങ്ങൾ തന്നെന്നും വളരെ സമയമെടുത്താണ് ഈ മാതൃക നിർമിച്ചതെന്നും പറയുന്പോൾ ഇരുവരുടെയും മുഖത്ത് പുഞ്ചിരി.
പത്താം ക്ലാസ് വിദ്യാർഥികളായ ഇരുവർക്കും ചന്ദ്രയാന്റെ നിർമാണത്തിനു റവന്യൂ ജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനവും, ജില്ലാ മത്സരത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചിട്ടുണ്ട്.