അഡ്വ. പി.ജി. മനു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
Saturday, December 2, 2023 1:09 AM IST
കൊച്ചി: ലൈംഗിക പീഡനക്കേസിനെ തുടര്‍ന്ന് രാജിവച്ച ഗവ. പീഡര്‍ പി.ജി. മനു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി.
താന്‍ നിരപരാധിയാണെന്നും തൊഴിലിടത്തെ ശത്രുക്കളാണു യുവതിയുടെ പരാതിക്കു പിന്നിലെന്നും ഹർജിക്കാരൻ വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടാന്‍ ഉത്തരവിടണമെന്നുമാണു ഹര്‍ജിയിലെ ആവശ്യം.
2018 ല്‍ നടന്ന പീഡനക്കേസിൽ ഇരയായ പെൺകുട്ടിക്കു നിയമ സഹായം നല്കാന് എന്ന പേരില്‍ എറണാകുളം കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നും സ്വകാര്യ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി എന്നുമാണ് പരാതി. ചോറ്റാനിക്കര പോലീസാണു മനുവിനെതിരേ കേസെടുത്തത്.