പാലാരിവട്ടം മേല്‍പ്പാലം : കരാര്‍ കമ്പനിയെ കരിമ്പട്ടികയില്പ്പെടുത്തിയതു ഹൈക്കോടതി റദ്ദാക്കി
Saturday, February 24, 2024 1:45 AM IST
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ അപാകതയെത്തുടര്‍ന്ന് കരാര്‍ കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ടിനെ കരിമ്പട്ടികയില്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി.
അഞ്ചു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ടെൻഡറുകളില്‍ പങ്കെടുക്കാനാകാത്ത വിധം കമ്പനിയുടെ എ ക്ലാസ് ലൈസന്‍സ് റദ്ദാക്കിയ പൊതുമരാമത്ത് സൂപ്രണ്ടിംഗ് എന്‍ജിനിയറുടെ നടപടി ചോദ്യം ചെയ്തു കമ്പനി സമര്‍പ്പിച്ച ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരേ നല്കിയ അപ്പീലിലാണ് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
കാരണം കാണിക്കാതെയാണു തങ്ങളെ കരിമ്പട്ടികയില്‍ പെടുത്തിയതെന്നായിരുന്നു കമ്പനിയുടെ വാദം.
പാലാരിവട്ടം പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും പാലം പുനര്‍നിര്‍മിക്കാന്‍ നടപടിയാകുകയും ചെയ്ത പശ്ചാത്തലത്തില്‍ കഴിഞ്ഞ ജൂണ്‍ 27നാണ് ആര്‍ഡിഎസിനെ വൈറ്റിലയിലെ സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ കരിമ്പട്ടികയില്‍പ്പെടുത്തിയത്.
പൊതുമരാമത്ത് മാന്വലില്‍ പറയുന്ന ‘തൊഴില്‍ വൈദഗ്ധ്യം’ കരാരുകാര്‍ പാലിച്ചില്ലെന്നായിരുന്നു ആരോപണം. എന്നാല്‍, ഈ വ്യവസ്ഥ പിഡബ്ല്യുഡി മാന്വലില്‍ ഉള്‍പ്പെടുത്തിയത് 2020 ജൂണ്‍ 23നാണെന്നും പാലാരിവട്ടം പാലത്തിന് തങ്ങള്‍ കരാര്‍ വച്ചത് അതിനുമുമ്പാണെന്നുമായിരുന്നു കമ്പനിയുടെ വാദം.