എംജി കലോത്സവത്തിനു നാളെ തുടക്കം
Sunday, February 25, 2024 12:13 AM IST
കോട്ടയം: എംജി യൂണിവേഴ്സിറ്റി യൂണിയന് കലോത്സവത്തിനു നാളെ കോട്ടയത്തു തുടക്കമാകും. വര്‍ണാഭമായ വിളംബര ജാഥയോടെയാണ് "വീ ദ പീപ്പിള്‍ ഓഫ് ഇന്ത്യ' എന്നു പേരിട്ടിരിക്കുന്ന കലോത്സവം ആരംഭിക്കുന്നത്. നാളെ ഉച്ചകഴിഞ്ഞ് 2.30ന് പോലീസ് പരേഡ് ഗ്രൗണ്ടില്‍നിന്ന് വിവിധ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിളംബരജാഥ ആരംഭിക്കും.
യൂണിവേഴ്സിറ്റിക്കു കീഴിലുള്ള വിവിധ കോളജുകളില്‍നിന്നായി അയ്യായിരത്തിലധികം വിദ്യാര്‍ഥികള്‍ വിളംബര ജാഥയില്‍ അണിചേരും.
തുടര്‍ന്നു തിരുനക്കരയില്‍ ചേരുന്ന സമ്മേളനത്തില്‍ ചലച്ചിത്രതാരം എം. മുകേഷ് എംഎല്‍എ കലോത്സവം ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളായ അനശ്വര രാജന്, ദുര്‍ഗ കൃഷ്ണ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
യോഗത്തില്‍ സിനിമാ മേഖലയിലെ പ്രതിഭകളും കോട്ടയം സ്വദേശികളുമായ വിജയരാഘവനെയും അയ്യന് ഇന്‍ അറേബ്യ എന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ച എം.എ. നിഷാദിനെയും അനുമോദിക്കും.
യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള 215ലധികം കോളജുകളില്‍നിന്നായി ഏഴായിരത്തിലധികം വിദ്യാര്‍ഥികള്‍ 74 ഇനങ്ങളിലായി ഒമ്പതു വേദികളില്‍ ഏഴു ദിവസങ്ങളിലായി മാറ്റുരയ്ക്കും. ഇത്തവണ പുതിയതായി 13 ഇനങ്ങള്‍കൂടി മത്സരങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് മൂന്നിനു വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനം മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും.
സെക്കുലര്‍, സോഷ്യലിസ്റ്റ്, ഡെമോക്രാറ്റിക്, ജസ്റ്റീസ്, റിപ്പബ്ലിക്, സോവറൈന്‍, ലിബര്‍ട്ടി, ഇക്വാലിറ്റി, ഫ്രറ്റേണിറ്റി എന്നിങ്ങനെയാണ് ഒമ്പതു വേദികള്‍ക്ക് പേരിട്ടിരിക്കുന്നത്.
പത്രസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്മാന് മന്ത്രി വി.എന്‍. വാസവന്, യൂണിവേഴ്സിറ്റി യൂണിയന് ചെയര്മാന് വി.ആര്. രാഹുല്‍, ജനറല്‍ കണ്‍വീനര്‍ മെല്ബിന് ജോസഫ്, പ്രോഗ്രാം കണ്‍വീനര്‍ ബി. ആഷിക് തുടങ്ങിയവര്‍ പങ്കെടുത്തു.