ലീഗിനു വാഗ്ദാനം ചെയ്തത് യുഡിഎഫിന്റെ ഏക രാജ്യസഭാ സീറ്റ്
കെ. ഇന്ദ്രജിത്ത്
Monday, February 26, 2024 3:06 AM IST
തിരുവനന്തപുരം: മൂന്നാം സീറ്റിനു പകരം മുസ്ലിംലീഗിനു കോണ്‍ഗ്രസ് ഉറപ്പുനൽകിയത് കേരള കോണ്‍ഗ്രസ്-എം നേതാവ് ജോസ് കെ. മാണി അടക്കമുള്ളവരുടെ കാലാവധി കഴിയുന്നതിനെത്തുടർന്ന് ഒഴിവു വരുന്ന രാജ്യസഭാ സീറ്റ്.
വരുന്ന ജൂലൈ ഒന്നിന് ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റിൽ ഇപ്പോഴത്തെ നിയമസഭാ അംഗബലത്തിന്റെ അടിസ്ഥാനത്തിൽ ഒരെണ്ണം മാത്രമാണു യുഡിഎഫിനു ജയിക്കാനാകുക. ഇതാണു മൂന്നാം ലോക്സഭാ സീറ്റിനായി ഉറച്ചു നിന്ന മുസ്ലിംലീഗിന് സമവായ ചർച്ചയിൽ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത്.
വരുന്ന ജൂലൈ ഒന്നുവരെയാണ് ജോസ് കെ. മാണി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഎം നേതാവ് എളമരം കരീം എന്നിവരുടെ നിലവിലെ രാജ്യസഭാ സീറ്റിന്റെ കാലാവധി. ഇവർ മൂന്നു പേരുടെയും കാലാവധി അവസാനിക്കുന്നതോടെയാണു കേരളത്തിൽ മൂന്നു രാജ്യസഭാ സീറ്റിൽ ഒഴിവു വരുന്നത്. ഇതിൽ രണ്ടെണ്ണത്തിൽ ഇടതുമുന്നണി സ്ഥാനാർഥികൾക്കു ജയിക്കാനാകും.
ലോക്സഭാ മൂന്നാം സീറ്റ് വാദമുയർത്തി ഉറച്ചു നിന്ന ലീഗിനു രാജ്യസഭാ സീറ്റ് ലഭിക്കുന്നത് ഏറെ ഗുണകരമാകുമെന്നാണു വിലയിരുത്തൽ. 2018ലാണ് ജോസ് കെ. മാണിക്ക് യുഡിഎഫ് രാജ്യസഭാ സീറ്റ് നൽകിയത്. പിന്നീടു മുന്നണി വിട്ട് കേരള കോണ്‍ഗ്രസ്-എം എൽഡിഎഫിന്റെ ഭാഗമായതിനു പിന്നാലെ രാജിവച്ചു 2021ൽ വീണ്ടും അതേ രാജ്യസഭാ സീറ്റിൽ ഇടതു സ്ഥാനാർഥിയായി ജോസ് കെ. മാണി വിജയിച്ചിരുന്നു.
ആദ്യം ഒഴിവു വരുന്ന ഏക രാജ്യസഭാ സീറ്റ് ലീഗിനു കൊടുക്കാമെന്നു കോണ്‍ഗ്രസ് ഹൈക്കമാൻഡ് പ്രതിനിധിതന്നെ സമ്മതിച്ചതോടെയാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇനി ഉഭയകക്ഷി ചർച്ചയുടെ ആവശ്യമില്ലെന്ന നിലപാടിലേക്കു മാറാൻ കാരണമായത്. ചർച്ചയിൽ ലീഗ് പ്രതിനിധികൾ ഹാപ്പിയായി പുറത്തു വന്നതും ഇതു മുന്നിൽക്കണ്ടാണ്.
കോണ്‍ഗ്രസിന് നിലവിൽ രാജ്യസഭയിൽ കേരളത്തിൽനിന്ന് ജെബി മേത്തർ മാത്രമാണുള്ളത്. ജൂലൈയിൽ ഒഴിവു വരുന്ന ഏക സീറ്റ് ലീഗിന് നൽകിയാൽ അവർക്കു രാജ്യസഭയിൽ കേരളത്തിൽനിന്ന് രണ്ടംഗങ്ങളാകും.
കോണ്‍ഗ്രസിനേക്കാൾ കൂടുതൽ അംഗങ്ങൾ കേരളത്തിൽ നിന്നു ലീഗിന് ലഭിക്കുന്നത് കോണ്‍ഗ്രസിൽ ഏറെ പ്രശ്നങ്ങൾക്കും ഇടയാക്കിയേക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതിനു ശേഷം 2027ൽ മാത്രമാണ് കേരളത്തിൽനിന്നുള്ള രാജ്യസഭാംഗങ്ങളുടെ ഒഴിവു വരുന്നത്.
അതായത്, മൂന്നു വർഷത്തിനകം യുഡിഎഫിന് മറ്റൊരു രാജ്യസഭാ സീറ്റ് കേരളത്തിൽനിന്നു ലഭിക്കാനിടയില്ല.