സിറ്റിംഗ് എംപിമാരുടെ പേരുകൾ ഉൾപ്പെടുത്തി കോണ്ഗ്രസ് പട്ടിക
Friday, March 1, 2024 3:19 AM IST
തിരുവനന്തപുരം: പതിനഞ്ചു സിറ്റിംഗ് എംപിമാരുടെയും പേര് ഉൾപ്പെടുത്തി കോണ്ഗ്രസ് സ്ഥാനാർഥികളുടെ പട്ടിക സ്ക്രീനിംഗ് കമ്മിറ്റി തയാറാക്കി. കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയ്ക്കായി പട്ടിക സമർപ്പിക്കും. ഞായറാഴ്ച ഡൽഹിയിൽ സ്ഥാനാർഥിപ്പട്ടിക സംബന്ധിച്ച് ചർച്ച നടക്കും.
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പേരാണ് പട്ടികയിൽ നിർദേശിച്ചിട്ടുള്ളത്. രാഹുൽ മത്സരിക്കുമോ എന്നതിനെ ആശ്രയിച്ചായിരിക്കും ആലപ്പുഴയിലെ സ്ഥാനാർഥി. സമുദായ സന്തുലനം പാലിക്കേണ്ടതിനാൽ രാഹുലിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച തീരുമാനമുണ്ടായതിനു ശേഷം മാത്രമേ ആലപ്പുഴയിലെ സ്ഥാനാർഥിയെ തീരുമാനിക്കാൻ സാധിക്കൂ.
വയനാട്ടിൽ രാഹുൽ ഇല്ലെങ്കിൽ ആലപ്പുഴയിൽ കെ.സി. വേണുഗോപാലിനു മത്സരിക്കാം. വേണുഗോപാൽ മത്സരിക്കുന്നില്ലെങ്കിൽ രാഹുൽ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കണമെന്ന് കേരളത്തിലെ പാർട്ടി നേതൃത്വത്തിനു താത്പര്യമുണ്ട്.
കേരളത്തിലെ എല്ലാ സിറ്റിംഗ് എംപിമാരും തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഇനി മാറ്റമുണ്ടാകാൻ സാധ്യത കുറവാണ്. തെരഞ്ഞെടുപ്പു തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ സർവേ ഫലത്തെ അടിസ്ഥാനമാക്കി ഏതെങ്കിലും മണ്ഡലത്തിൽ കേന്ദ്ര നേതൃത്വം പുതിയ സ്ഥാനാർഥിയെ നിർദേശിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഞായറാഴ്ച നടക്കുന്ന സ്ഥാനാർഥിനിർണയ ചർച്ചകളിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പങ്കെടുക്കും.
ഇന്നലെ നടന്ന സ്ക്രീനിംഗ് കമ്മിറ്റിയിൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, സ്ക്രീനിംഗ് കമ്മിറ്റി അംഗം ഹരീഷ് ചൗധരി, കെ. സുധാകരൻ, വി.ഡി. സതീശൻ എന്നിവർ പങ്കെടുത്തു.