കേരള സർവകലാശാലാ കലോത്സവം "ഇൻതിഫാദ' എന്ന പേരിനെതിരേ പരാതിയുമായി വിദ്യാർഥികൾ
Saturday, March 2, 2024 12:54 AM IST
തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിന് ‘ഇൻതിഫാദ’ എന്ന പേര് നൽകിയതിനെതിരേ വൈസ് ചാൻസലർക്കു പരാതി നൽകി വിദ്യാർഥികൾ.
ഭീകര സംഘടനകൾ ഉപയോഗിക്കുന്ന വാക്ക് കലോത്സവത്തിന്റെ പേരാക്കുന്നത് ഒഴിവാക്കണം എന്നാവശ്യപ്പെട്ടാണ് പരാതി. വിദ്യാർഥികളുടെ പരാതി ലഭിച്ചതിനെ തുടർന്ന് റിപ്പോർട്ട് നൽകാൻ രജിസ്ട്രാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഈ മാസം ഏഴു മുതൽ 11 വരെ തിരുവനന്തപുരത്താണ് യുവജനോത്സവം നടക്കുന്നത്. അധിനിവേശങ്ങൾക്കെതിരേ കലയുടെ പ്രതിരോധം ഇൻതിഫാദ എന്നാണ് ലോഗോയിൽ കുറിച്ചിട്ടുള്ളത്. ഇൻതിഫാദ എന്ന അറബി വാക്കിന് മലയാളത്തിൽ ‘കുടഞ്ഞു കളയുക’ എന്നും "മുന്നേ റ്റം' എന്നുമാണർഥം.
ലോഗോയുമായി ബന്ധപ്പെട്ട വ്യാഖ്യാനങ്ങളുമായി വിവിധ മേഖലകളിലുള്ളവർ എത്തിയതോടെ കലോത്സവത്തിന്റെ ലോഗോ പ്രകാശനം വിവാദമായി. കലോത്സവത്തിന് "ഇൻതിഫാദ'എന്നു പേര് നൽകിയതിനെതിരേ ഹൈക്കോടതിയിൽ കൊല്ലം സ്വദേശിയായ ആഷിഷ് എന്ന വിദ്യാർഥി ഹർജിയും നൽകി.
പാലസ്തീൻ-ഇസ്രയേൽ യുദ്ധവുമായി ബന്ധപ്പെട്ടു കിടക്കുന്ന പദമാണ് ഇതെന്നും കലോത്സവത്തിന് ഈ പേര് നൽകരുതെന്നുമാണ് ഹർജിയിൽ പറയുന്നത്.