നിഷ്ഠുരമായ കൊലപാതകം; ഹൈക്കോടതി ഇടപെടണം
Sunday, March 3, 2024 12:45 AM IST
ജോർജ് ജോസഫ് (റിട്ട. എസ്പി, കേരള പോലീസ്)
കേരളത്തിലെ ഏറ്റവും നിഷ്ഠുരമായ കൊലപാതകങ്ങളിലൊന്നാണ് പൂക്കോട് വെറ്ററിനറി സർവകലാശാല കാമ്പസിൽ നടന്നത്. ഇതിനുമുന്പ് നിഷ്ഠുരമായ കൊലപാതകം ടി.പി. ചന്ദ്രശേഖരന്റേതാണ്. ഇതൊരു തൂങ്ങിമരണമല്ല. കാരണം കഴുത്തിന്റെ പിന്നിലെ മുറിവും ദേഹത്തെ മൂന്നുദിവസം പഴക്കമുള്ള മുറിവുകളും മുഖത്ത് ഇരുചെവിയുടെയും പിന്നിലെ അടിയും മാരകമാണ്.
അങ്ങനെയൊരാൾക്ക് സ്വയം നടക്കാൻപോലും കഴിയില്ല എന്നാണു ഞാൻ കരുതുന്നത്. ഇയാളെ മുറിയിൽ പൂട്ടിയിട്ട് പട്ടിണിക്കിട്ടു. പോസ്റ്റുമോർട്ടത്തിൽ ഇയാളുടെ ആമാശയം പരിശോധിച്ചില്ലേ? ഒരുതുള്ളി വെള്ളമോ ഭക്ഷണപദാർഥമോ ഇല്ല. അതിന്റെ അർഥം എന്താണ്? മൂന്നുദിവസമായി അയാൾ ഭക്ഷണം കഴിച്ചിട്ടില്ല. മൂന്നുദിവസം അയാളെ പല മുറികളിൽ പൂട്ടിയിട്ടു. ഇല്ലീഗൽ ഡിറ്റെൻഷൻ ആണത്. ഐപിസി 342 പ്രകാരം കുറ്റമാണത്.
ആൾക്കൂട്ട വിചാരണ
എങ്ങും പോകാതെ മുറിയിൽ പട്ടിണിക്കിട്ടു പൂട്ടിയിട്ട അദ്ദേഹത്തെ പലതവണ വെളിയിൽ കൊണ്ടുവന്നു മർദിച്ചു. ആൾക്കൂട്ടവിചാരണയാണിത്. അതാണ് ഇക്കൂട്ടർ നടത്തിയത്. ഇത്രയും വിദ്യാഭ്യാസമുള്ള, വെറ്ററിനറി കോളജിൽ പഠിക്കുന്നവരാണ് ഇതെല്ലാം ചെയ്തത് എന്നതാണ് നമ്മെ അദ്ഭുതപ്പെടുത്തുന്നത്. ഇത്തരത്തിൽ വിദ്യാർഥികൾ വയലൻസിലേക്കു വരുന്നതിനുള്ള കാരണം, എല്ലാ കോളജുകളിലും അധികാരം പിടിക്കാൻ വയലൻസ് പടർത്തുന്നു എന്നതാണ്. ഭയപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും അടിക്കുകയും ചവിട്ടുകയും തൊഴിക്കുകയുമൊക്കെ ചെയ്തിട്ടാണ് കേരളത്തിലെ കുട്ടികൾ രാഷ്ട്രീയം നടത്തുന്നത്.
കോളജിലെയും സ്കൂളുകളിലെയും അധികാരം പിടിച്ചെടുക്കുന്നതും ഇങ്ങനെയാണ്. ഇത് വർഷങ്ങളായി, രണ്ടു തലമറുകളായി നടത്തിക്കൊണ്ടിരിക്കുകയാണ് കേരളത്തിൽ. കാരണം ഇവരുടെ പിതാക്കന്മാരും ഇതേ രീതിയിൽ വളർന്നുവന്നവരാണ്. ഇതിൽനിന്നു നമുക്കൊരു മോചനമില്ല.
മൂടിവയ്ക്കാൻ ശ്രമം
പതിനെട്ടാം തീയതി നടന്ന സംഭവം പുറംലോകം അറിഞ്ഞത് കഴിഞ്ഞ രണ്ടോ മൂന്നോ ദിവസംകൊണ്ടാണ്. അത് അവിടെ മൂടിവയ്ക്കാൻ ശ്രമിച്ചു. 110 ഏക്കർ വിസ്തീർണമുള്ള വെറ്ററിനറി സർവകലാശാല കാമ്പസിൽ ഏകദേശം ആയിരത്തോളം കുട്ടികൾ ഉണ്ടെന്നു കരുതുന്നു. പക്ഷേ, കൊല്ലപ്പെട്ട സിദ്ധാർഥനെ അവിടത്തെ ഹോസ്റ്റലിന്റെ മുൻവശത്തെ ഗ്രൗണ്ടിൽ നഗ്നനായി കിടത്തി, അവന്റെ തുണി വലിച്ചൂരി, വിദ്യാർഥീവിദ്യാർഥിനികളുടെ മുന്പിലിട്ട് മർദിക്കുകയാണ്. ഒരു വിചാരണയാണത്.
എസ്എഫ്ഐയുടെയും അവിടെയുള്ള നേതാക്കന്മാരുടെയും ഭാഷയിൽ അതു വിചാരണയാണ്. അവനെ മര്യാദ പഠിപ്പിക്കുകയാണ്. മനുഷ്യനാണെന്ന് ആ മനുഷ്യമൃഗങ്ങൾ കരുതിയില്ലേ? ഇവിടെയൊരു മനുഷ്യനെ തല്ലിക്കൊല്ലുകയാണ്. തീർച്ചയായിട്ടും ഇതിനകത്തുൾപ്പെട്ട 20-22 പേരിൽ ഒരാൾക്കു മാത്രമേ 28 വയസുള്ളൂ. ഈ പ്രതികളെ സമൂഹത്തിൽനിന്നു പുറന്തള്ളേണ്ടതാണ്. കാരണം ഇവർ വളർന്നുവന്നിരിക്കുന്നത് വയലൻസിന് ഉപയോഗിക്കാൻവേണ്ടിയാണ്. അവരുടെ രക്തത്തിൽ വയലൻസ് അലിഞ്ഞു കിടക്കുന്നതാണ്.
കലാലയ രാഷ്ട്രീയം അവസാനിപ്പിക്കണം
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലും എറണാകുളം മഹാരാജാസ് കോളജിലുമായി എത്രയെത്ര കുട്ടികളുടെ ജീവനാണ് നഷ്ടപ്പെട്ടുപോയത്. 45 വർഷമായി കോളജ് രാഷ്ട്രീയം എന്നു പറഞ്ഞ് ഇവിടെ നടക്കുന്നതെന്താണ്. എല്ലാ രാഷ്ട്രീയപാർട്ടികളും ഇങ്ങനൊക്കെത്തന്നെ. അതുകൊണ്ട് ഇതാണ് തങ്ങളുടെ ട്രാക്ക് എന്നീ കുട്ടികൾ കരുതുന്നു.
സ്കൂളിലും കോളജുകളിലും രാഷ്ട്രീയം സന്പൂർണ്ണമായി നിർത്തേണ്ടതാണ്. ഹൈക്കടതി നേരത്തേ അങ്ങനെയൊരു ഓർഡർ ഇറക്കിയെങ്കിലും അതു ഫലവത്തായില്ല. കേരളം ഭരിക്കുന്ന രാഷ്ട്രീയനേതാക്കന്മാരെല്ലാവരും രാഷ്ട്രീയക്കളരിയായിട്ട് സ്കൂളിനെയും കോളജിനെയും കണ്ടിരുന്നു. ഇവിടത്തെ സ്കൂളുകളിലെയും കോളജുകളിലെയും കുട്ടികളിൽ പലരും, പ്ലസ്ടുവിനു പഠിക്കുന്നവർ വരെ ഇപ്പോൾ വിദേശത്തേക്കു മാറിക്കഴിഞ്ഞു. ഇവിടത്തെ അരക്ഷിതാവസ്ഥയാണിതിനു കാരണം.
സ്കൂളുകളിലും കോളജുകളിലും അയയ്ക്കുന്ന കുട്ടികൾ ജീവനോടെ മടങ്ങിവരുമോ എന്ന ഭയംമൂലം കടം വാങ്ങിയാണെങ്കിലും കുട്ടികളെയെല്ലാം വിദേശത്തേക്കു വിടുന്നു. പല പ്രഫഷണൽ കോളജുകളിലും സർക്കാർ കോളജുകളിലും ഏകദേശം മുപ്പതും നാൽപതും സീറ്റുകൾ വരെ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയിലായിരിക്കുന്നു. അതു തീർച്ചയായിട്ടും 60, 70 ശതമാനത്തോളം വരും എന്നാണു ഞാൻ കരുതുന്നത്. കാരണം വിദേശത്തേക്കു കുട്ടികളുടെ പ്രവാഹമാണ്. കടം വാങ്ങിച്ചും വിദേശത്തേക്ക് അയയ്ക്കുയാണ്, കുട്ടികളുടെ ജീവൻ രക്ഷിക്കാൻ. അവരുടെ ഭാവി കരുതണമല്ലോ.
പിന്നിൽ രാഷ്ട്രീയക്കാർതന്നെ
കേരളത്തിലെ കുട്ടികളെ നശിപ്പിച്ചത് ഇവിടത്തെ രാഷ്ട്രീയക്കാർതന്നെ. അവർ രാഷ്ട്രീയ പിന്നാന്പുറത്തുകൂടി നടക്കാൻ പരിശീലിപ്പിക്കുകയാണ്. നമുക്കതല്ല ആവശ്യം, നമുക്ക് കോളജുകളിലും സ്കൂളുകളിലും ഒരു സംസ്കാരമുള്ള ജനതയെ വാർത്തെടുക്കണം.
അച്ചടക്കമുള്ള ജനതയെ വളർത്തിയെടുക്കണം. നന്നായി ചിന്തിക്കാൻ കഴിവുള്ളവരെ വാർത്തെടുക്കണം. രാഷ്ട്രീയക്കാരുടെ ചിന്തയല്ല നമുക്കാവശ്യം. അവരെല്ലാവരും നല്ല വിദ്യാഭ്യാസം സിദ്ധിച്ച് ഉന്നതസ്ഥാനങ്ങളിൽ എത്തപ്പെടണം. അതിനു കഴിവുള്ളവരാണ് മലയാളി കുട്ടികൾ.
പക്ഷേ മലയാളി കുട്ടികളിൽ നല്ലൊരു ശതമാനത്തിനെ വയലൻസിലേക്കു നയിച്ച് അവരെ രാഷ്ട്രീയക്കാർ നശിപ്പിച്ചുകഴിഞ്ഞു. ഇതിൽനിന്നു മോചനം കിട്ടണമെങ്കിൽ തീർച്ചയായിട്ടും ഹൈക്കോടതി ഇടപെടണം. ഭരണഘടനയുടെ 32, 42 വകുപ്പുകൾപ്രകാരം ഹൈക്കോടതിക്ക് ഇതിൽ ഇടപെടാം. അതിനാൽ ഹൈക്കോടതി ഇടപെടുമെന്നാണ് ഞാൻ കരുതുന്നത്. കോടതി എത്രയും പെട്ടെന്ന് ഇടപെടണമെന്നാണ് എന്റെ അപേക്ഷ.