പെൻഷനും ശമ്പളവും മുടങ്ങില്ല: ധനമന്ത്രി
Sunday, March 3, 2024 1:47 AM IST
കണ്ണൂർ: സംസ്ഥാനത്താർക്കും പെൻഷനും ശമ്പളവും മുടങ്ങില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. മാർച്ച് ഒന്നിനുതന്നെ പണം അക്കൗണ്ടിലെത്തിച്ചു. സാങ്കേതിക കാരണങ്ങൾകൊണ്ടാണ് ഇത് പിൻവലിക്കാൻ കഴിയാത്തതെന്നും കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കവേ മന്ത്രി പറഞ്ഞു.
മാർച്ചിൽ ലഭിക്കേണ്ട 13,600 കോടി കേന്ദ്രം തന്നിട്ടില്ല. കേസിന് പോയതുകൊണ്ടാണ് പണം തരാത്തത്. ഇത് സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് ഈ സർക്കാർ ഉറപ്പുനല്‍കുന്നതായും ധനമന്ത്രി പറഞ്ഞു.
നികുതിവിഹിതയിനത്തിൽ 28 സംസ്ഥാനങ്ങൾക്കായി 1,42,122 കോടി രൂപയാണ് അനുവദിച്ചത്. ഏറ്റവും ഉയർന്ന നികുതി വിഹിതം ലഭിച്ചത് ഉത്തർപ്രദേശിനാണ്. 25,495 കോടിയാണ് ഉത്തർപ്രദേശിന് അനുവദിച്ചതെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു.