രാജ്ഭവൻ ആവശ്യപ്പെട്ടിട്ടും ഗവർണറെ കാണാതെ വിസി മടങ്ങി
Sunday, March 3, 2024 1:47 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: എസ്എഫ്ഐക്കാരുടെ ക്രൂര പീഡനത്തെ ത്തുടർന്നു മരിച്ച സിദ്ധാർഥന്റെ തിരുവനന്തപുരം നെടുമങ്ങാടുള്ള വീട്ടിൽ കഴിഞ്ഞ ദിവസം വെറ്ററിനറി സർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ. എം.ആർ. ശശീന്ദ്രനാഥ് എത്തിയിരുന്നു.
സിദ്ധാർഥന്റെ മരണം എസ്എഫ്ഐക്കാരുടെ ക്രൂരപീഡനത്തിന്റെ പരിണത ഫലമാണെന്ന ആരോപണം കേരളമെങ്ങും ചർച്ച ചെയ്യുന്നതിനിടെ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകാൻ ഗവർണറെ കാണാൻ വിസിയോട്, രാജ്ഭവൻ നിർദേശിച്ചിരുന്നു.
റിപ്പോർട്ട് നൽകിയ ശേഷമുള്ള സംഭവവികാസങ്ങളും ഡീനിനെതിരേ ഉയർന്ന ആരോപണങ്ങളിലെ തുടർനടപടികളും പോലീസ് അന്വേഷണ പുരോഗതിയും അടക്കം ചർച്ച ചെയ്യാൻ ചാൻസലർ കൂടിയായ ഗവർണറെ കാണണമെന്നായിരുന്നു നിർദേശം. എന്നാൽ, വയനാട്ടിലേക്കു മടങ്ങിയതിനാൽ ഇനി കാണാൻ കഴിയില്ലെന്ന മറുപടിയാണു നിഷേധാത്മകമായി വിസി നൽകിയത്. സർക്കാർ നിർദേശ പ്രകാരമായിരിക്കാം വിസിയുടെ നടപടിയെന്നാണു വിലയിരുത്തുന്നത്.
ഇതിനു പിന്നാലെ ഇന്നലെയാണ്, സംസ്ഥാനത്തെ സർവകലാശാലകളുടെ ചരിത്രത്തിൽ ആദ്യമായി വയനാട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്തു കൊണ്ടുള്ള ചാൻസലറുടെ നടപടിയെത്തിയത്.
വിസിയെ പുറത്താക്കുന്നതിനും സിദ്ധാർഥന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും അന്വേഷിക്കുന്നതിനുമായി ജുഡീഷൽ അന്വേഷണത്തിനായി ഹൈക്കോടതിയെയും ചാൻസലർ സമീപിച്ചു. ഇനി ഏതന്വേഷണം വേണമെന്നു ഹൈക്കോടതി തീരുമാനിക്കുമെന്നതും സർക്കാരിനു തിരിച്ചടിയാകും.
ഭക്ഷണം പോലും നൽകാതെ എസ്എഫ്ഐക്കാർ ക്രൂരമായി പീഡിപ്പിച്ചു സിദ്ധാർഥനെ മരണത്തിലേക്കു തള്ളിവിട്ട സംഭവത്തിൽ പ്രതിഷേധമിരന്പുന്പോഴും നിഷ്ക്രിയാവസ്ഥയിലായിരുന്നു സംസ്ഥാന സർക്കാരെന്ന് ആരോപണം ഉയർന്നു.
ആഭ്യന്തര വകുപ്പു കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും അടക്കമുള്ളവർ ഇതേക്കുറിച്ചു മൗനം തുടരുന്നതിനിടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കടുത്ത നടപടികളിലേക്കു കടന്നത്.
എസ്എഫ്ഐക്കും സംസ്ഥാന സർക്കാരിനുമെതിരേ ജനവികാരം ഉയരുന്നതിനിടെയുള്ള ഗവർണറുടെ നടപടി സർക്കാരിനെയും അക്ഷരാർഥത്തിൽ ഞെട്ടിച്ചു. ചാൻസലർക്കെതിരേ ഏറെ നാളായി കരിങ്കൊടി സമരം നടത്തുന്ന എസ്എഫ്ഐക്കാരെ ക്രിമിനലുകളെന്ന് ഗവർണർ വിളിച്ചിരുന്നു.
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി എസ്എഫ്ഐയ്ക്കു ബന്ധമുണ്ടെന്നും ആരോപിച്ചിരുന്നു. ഇതിനിടയിലുണ്ടായ വയനാട് സംഭവം ഗവർണറുടെ വാക്കുകൾ അക്ഷരാർഥത്തിൽ ശരിവയ് ക്കുന്നതായി.
വയനാട്ടിൽ നടന്നതു കൊലപാതകമാണെന്നു ഗവർണർതന്നെ പറയുന്പോൾ, ഇതിന് അർഥതലങ്ങളും ഏറുന്നു.