വേൾഡ് മലയാളി കൗൺസിൽ നല്കുന്ന വീടുകളുടെ താക്കോൽദാനം നാളെ
Friday, April 12, 2024 2:07 AM IST
കോട്ടയം: വേള്‍ഡ് മലയാളി കൗണ്‍സില്‍ നിര്‍മിച്ചു നല്കുന്ന 12 വീടുകളുടെ താക്കോല്‍ദാനം നാളെ നടക്കും. കടപ്ലാമറ്റം മാറിയിടം സേക്രട്ട് ഹാര്‍ട്ട് പള്ളിയുടെ എതിര്‍വശത്ത് ഒരേക്കര്‍ അഞ്ച് സെന്റിലാണു വീടുകള്‍ നിര്‍മിക്കുന്നത്. അടുത്തഘട്ടത്തില്‍ 13 വീടുകള്‍ പൂര്‍ത്തികരിക്കും. മൂന്നു സെന്റ് സ്ഥലം വീതം ഒരോ വീടിനും നീങ്ങിവച്ചിട്ടുണ്ട്.
നാളെ രാവിലെ 10നു ചേരുന്ന യോഗത്തില്‍ മന്ത്രി വി.എന്‍. വാസവന് താക്കോല്‍ദാനം നിര്‍വഹിക്കും. മോന്‍സ് ജോസഫ് എംഎല്‍എ, ഡോ. ടി.പി. ശ്രീനിവാസന്, ഡോ. എ.വി. അനൂപ്, ഡോ. ഐസക് ജോണ്‍, പ്രഫ. വിനോദ് ചന്ദ്ര മേനോന്, വി. കൃഷ്ണകുമാര്‍, ജോണി കുരുവിള, ടി.കെ. വിജയന്, ടി.പി. വിജയന്, സുജിത്ത് ശ്രീനിവാസന് എന്നിവര്‍ പങ്കെടുക്കും.
ഗ്ലോബല്‍ ചെയര്മാന് ജോണി കുരുവിള സംഭാവനയായി നല്കിയ സ്ഥലത്താണു വീടുകള്‍ പൂര്‍ത്തികരിക്കുന്നത്. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 29-ാം വാര്‍ഷികത്തിലാണു ഭവനം നിര്‍മിച്ചു നല്‍കുന്നത്.
പത്രസമ്മേളനത്തില്‍ ഗ്ലോബല്‍ ചെയര്‍മാനും പ്രൊജക്ട് ചെയര്‍മാനുമായ ജോണി കുരുവിള, ഗ്ലോബല്‍ പ്രസിഡന്റ് തോമസ് മൊട്ടക്കല്‍, ഗ്ലോബല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും പ്രൊജക്ട് സെക്രട്ടറിയുമായ ടി.പി. വിജയന്, പ്രൊജക്ട് പ്രസിഡന്റ് ടി.കെ. വിജയന് എന്നിവര്‍ പങ്കെടുത്തു.