സുല്‍ത്താന്‍ ബത്തേരിയുടെ പേരുമാറ്റം അനിവാര്യം: കെ. സുരേന്ദ്രൻ
Friday, April 12, 2024 2:08 AM IST
താമരശേരി: സുല്‍ത്താന്‍ ബത്തേരിയുടെ പേരുമാറ്റം അനിവാര്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് മണ്ഡലം എൻഡിഎ സ്ഥാനാർഥിയുമായ കെ. സുരേന്ദ്രൻ.
സുൽത്താൻ ബത്തേരിയുടെ ആദ്യത്തെ പേര് ഗണപതിവട്ടമെന്നാണ്. ടിപ്പു സുൽത്താന്റെ അധിനിവേശത്തിനു ശേഷമാണ് സുൽത്താന്റെ ആയുധപ്പുര എന്ന് അർഥം വരുന്ന സുൽത്താൻ ബാറ്ററി അഥവാ സുൽത്താൻ ബത്തേരി എന്ന പേരു വന്നത്. ഇതില്‍ ആര്‍ക്കാണ് എതിരഭിപ്രായമുള്ളത്. കോൺഗ്രസും സിപിഎമ്മും അധിനിവേശത്തെ പിന്തുണയ്ക്കുകയാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
പാനൂർ സ്ഫോടനം സംബന്ധിച്ച റിമാൻഡ് റിപ്പോർട്ട് ഗൗരവതരമാണ്. തെരഞ്ഞെടുപ്പുകാലത്ത് വലിയ സ്ഫോടനം ലക്ഷ്യംവച്ചുള്ള ഈ ബോംബ് നിർമാണ കേസിലെ അന്വേഷണത്തിന് സർക്കാർ തടസമുണ്ടാക്കുന്നുവെന്നും താമരശേരിയില്‍ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ബോംബ് നിർമാണത്തിൽ ഉന്നതരായ സിപിഎം നേതാക്കൾ കുടുങ്ങുമെന്നായപ്പോൾ അന്വേഷണത്തിനു തടയിടാനാണ് ശ്രമം.
ആർഎസ്എസ്- ബിജെപി നേതാക്കളെ വധിക്കാൻ തീരുമാനിച്ചാണ് ബോംബ് നിർമിച്ചത്. സിപിഎം നേതാക്കൾ പ്രതികളുടെ വീട്ടിൽ പോയത് സംഭവത്തിലെ രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാക്കുന്നതാണ്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ടു നടപ്പാക്കിയ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായി ഇടപെടണം. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ പാനൂർ കേസ് ഏൽപ്പിക്കണം. ആറ്റിങ്ങലിൽ വി. മുരളീധരന്റെ പ്രചാരണ ജാഥയ്ക്കു നേരേ സിപിഎം ആക്രമണമുണ്ടായത് ഇതുമായി ബന്ധപ്പെട്ടാണോയെന്നു സംശയിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.