വൈറലായി ഗംഗ; എറണാകുളം കളക്ടര്‍ക്കു കൈയടി
Friday, April 12, 2024 2:08 AM IST
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടര്‍മാരിൽ അവബോധം സൃഷ്ടിക്കുന്നതിനായി എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട മീമിന് വന്‍ കൈയടി.
ഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴില്‍ നടി ശോഭന തകര്‍ത്തഭിനയിച്ച ഗംഗയുടെ ചിത്രങ്ങള്‍ സഹിതമുള്ള മീം ആണ് വൈറലായി മാറിയിരിക്കുന്നത്.
""എന്താ ഞാന്‍ പോയാല്‍? ഞാന്‍ പോകും... വോട്ട് ചെയ്യും’’എന്ന കുറിപ്പോടെയായിരുന്നു മീം. ഈ മീം വലിയ ശ്രദ്ധ പിടിച്ചുപറ്റിയതോടെ നിരവധി പേരാണ് കളക്ടറെ പ്രശംസിച്ച് കമന്റുകള്‍ രേഖപ്പെടുത്തിയത്.
തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാനായി കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വലിയ പ്രചാരണ പരിപാടികളാണു സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ചീഫ് ഇലക്ടറല്‍ ഓഫീസറുടെയും വരണാധികാരികളായ കളക്ടര്‍മാരുടെയും സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി ആകര്‍ഷകമായ കണ്ടന്റുകള്‍ വോട്ടര്‍മാരിലേക്ക് എത്തുന്നുമുണ്ട്.
അതേസമയം, തെരഞ്ഞെടുപ്പ് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നിരവധി പ്രചാരണ പരിപാടികളാണ് എറണാകുളം കളക്ടര്‍ സംഘടിപ്പിക്കുന്നത്. കേരളത്തില്‍ ഈ മാസം 26നാണ് വോട്ടിംഗ്.