അമൽജ്യോതി എൻജിനിയറിംഗ് കോളജ് മാനേജർ റവ. ഡോ. മാത്യു പായിക്കാട്ട് വിരമിക്കുന്നു
Wednesday, April 17, 2024 11:52 PM IST
കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജ് മാനേജർ ചുമതലയിൽനിന്ന് എട്ടു വർഷത്തെ സേവനത്തിനുശേഷം റവ.ഡോ. മാത്യു പായിക്കാട്ട് വിരമിക്കുന്നു.
ഓട്ടോണമസ് പദവി ഉൾപ്പെടെ അമൽജ്യോതിയുടെ അവിസ്മരണീയ നേട്ടങ്ങൾക്കു നേതൃത്വം നൽകിയ റവ.ഡോ. മാത്യു പായിക്കാട്ട് 2016 മുതൽ മാനേജരായി സേവനമനുഷ്ഠിക്കുന്നു. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളായിരിക്കെയും പിന്നീട് മാനേജർ പദവിയിലും 15 വർഷം അമൽജ്യോതി കോളജിന്റെ ചുമതല വഹിച്ചു. നാല് വിഷയങ്ങളിൽ ബിടെക് കോഴ്സുകളോടെ 2001ലാണ് കാഞ്ഞിരപ്പള്ളി രൂപത കോളജ് തുടങ്ങിയത്.
നിലവിൽ കൂവപ്പള്ളിയിലെ 65 ഏക്കർ കാമ്പസിൽ 10 ബിടെക് കോഴ്സുകളും രണ്ട് എംസിഎ കോഴ്സുകളും പിജിയും ഗവേഷണവും വൈവിധ്യമുള്ള മറ്റ് കോഴ്സുകളുമായി മൂവായിരത്തോളം വിദ്യാർഥികൾ പഠിക്കുന്നു.
കേരളത്തിലെ എറ്റവും മികച്ച റിസർച്ച് കേന്ദ്രങ്ങളിലൊന്നായ അമൽജ്യോതി ആറ് പേറ്റന്റുകളും നിരവധി ബഹുമതികളും കരസ്ഥമാക്കിയിട്ടുണ്ട്. ബയോ ടെക്നോളജി, കംപ്യൂട്ടർ വിഷയങ്ങളിൽ കേന്ദ്രസർക്കാരിന്റെ രണ്ടു സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നു. അമൽജ്യോതിക്ക് ഒട്ടോണമസ് ലഭിച്ചതോടെ സിലബസ്, അധ്യയനം, പരീക്ഷ മൂല്യനിർണയം, ഫലപ്രഖ്യാപനം തുടങ്ങിയവ കാലോചിതവും കൃത്യവുമാക്കാൻ സാധിക്കുന്നു.
കോളജിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിച്ചു. മുൻ രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ അനുഗ്രഹപ്രഭാഷണം നടത്തി.
രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, കേരള കാത്തലിക് എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്റ്യൻ, ഡയറക്ടർ ഡോ. സെഡ് വി. ളാകപ്പറമ്പിൽ, പ്രിൻസിപ്പൽ ലില്ലിക്കുട്ടി ജേക്കബ്, ടോമി ജോസഫ്, ഡോ. സോണി സി. ജോർജ്, സിസ്റ്റർ ജോസ്മി സെബാസ്റ്റ്യൻ, അഡ്വ. ജോസ് സിറിയക്, റോബിൻ ടോമി, അഭിജിത്ത് സെൽവം എന്നിവർ പ്രസംഗിച്ചു.