പ്രതിസന്ധികളെ അതിജീവിച്ച് സില്ജ ജോസിന്റെ വിജയം
Wednesday, April 17, 2024 11:52 PM IST
കൊട്ടിയൂർ: സിവിൽ സർവീസ് പരീക്ഷയും മലയോരത്തിന് കൈയെത്തിപ്പിടിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് സിൽജ ജോസ്. സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന സിൽജ സിവിൽ സർവീസ് പരീക്ഷയിൽ 529-ാം റാങ്ക് നേടി നാടിന്റെ അഭിമാനമായി.
മകൾ സിവിൽ സർവീസുകാരിയാകണമെന്ന ടിന്പർ തൊഴിലാളിയായ പുന്നത്തറ ജോസിന്റെയും തൊഴിലുറപ്പ് തൊഴിലാളിയായ ഭാര്യ കത്രീനയുടെയും ആഗ്രഹമാണ് സിൽജയിലൂടെ സാധ്യമാകുന്നത്.
അമ്പായത്തോട് സെന്റ് ജോർജ് യുപി സ്കൂളിലും മണത്തണ ഗവ. ഹയർസെക്കൻഡറി സ്കൂളിലുമായിരുന്നു പ്ലസ് ടു വരെ പഠനം. തുടർന്ന് കോഴിക്കോട് എൻഐഐടിയിൽനിന്ന് എൻജിനിയറിംഗ് ബിരുദവും പൂർത്തിയാക്കിയ സിൽജ ബംഗളൂരുവിൽ മെക്കാനിക്കൽ എൻജിനിയറായി ജോലി ചെയ്തിരുന്നു.
സിവിൽ സർവീസ് മോഹം യാഥാർഥ്യമാക്കാനായി ജോലി രാജിവച്ച് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു. മകളുടെ നേട്ടത്തിൽ ഏറെ അഭിമാനമുണ്ടെന്ന് ജോസും കത്രീനയും പറഞ്ഞു.