യുഡിഎഫ് മുഴുവന് സീറ്റിലും വിജയിക്കും: സി.പി. ജോണ്
Thursday, April 18, 2024 1:54 AM IST
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില് കേരളത്തില് യുഡിഎഫ് തരംഗം ഉണ്ടാവുമെന്ന് സിഎംപി ജനറല് സെക്രട്ടറി സി.പി. ജോണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില് തുടങ്ങിവച്ച വിജയം ലോക്സഭാ തെരഞ്ഞെടുപ്പോടെ പൂര്ണതയിലെത്തും.
ഭരണഘടനയുടെ സത്ത മാറരുതെന്നും ഇന്ത്യയിലെ ജനങ്ങള് ആഗ്രഹിക്കുന്നു. ബിജെപിക്ക് മാജിക് നമ്പര് തൊടാന് സാധിക്കില്ല, കേവല ഭൂരിപക്ഷത്തിനു താഴെപ്പോകും. ബിജെപിയുടെ താഴേയ്ക്കുള്ള യാത്രയുടെ തുടക്കംകൂടിയായിരിക്കും ഈ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം.
ബിജെപിക്ക് എല്ലായിടത്തും സീറ്റ് കുറയും. 50 സീറ്റുകളുടെ കുറവെങ്കിലും ഇത്തവണയുണ്ടാകുമെന്നും യുപിയിലടക്കം ഇത്തവണ ബിജെപി തിരിച്ചടി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബിന്റെ വോട്ട് ആന്ഡ് ടോക്ക് പരിപാടിയില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില് പിണറായി സര്ക്കാരിനെതിരായ ജനവികാരം ശക്തമാണ്, പെന്ഷന് പോലും കൃത്യമായി കൊടുക്കാന് പറ്റുന്നില്ല. കോണ്ഗ്രസ് കഴിഞ്ഞിട്ട് മതി ബിജെപി വിരോധം എന്ന നിലപാടാണ് പിണറായിക്ക്.
കേരളത്തിന്റെ കടം എഴുതിത്തള്ളണമെന്ന ആവശ്യവുമായി ആണ് സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചിരുന്നതെങ്കില് താന് കക്ഷി ചേര്ന്നേനെ. ഇത് വീണ്ടും ഞങ്ങളെ കടക്കാരാക്കൂ എന്നാണ് സര്ക്കാര് ആവശ്യപ്പെടുന്നത്.
വയനാട്ടില് രാഹുല് ഗാന്ധി മത്സരിക്കാനെത്തിയതോടെ സിപിഐക്കും പേരായി. തിരുവനന്തപുരം, തൃശൂര് തുടങ്ങിയ സ്ഥലങ്ങളില് കോണ്ഗ്രസും ബിജെപിയും തമ്മില് ശക്തമായ മത്സരമാണ് നടക്കുന്നത്.