രാജ്യമാകെ കാറ്റ് മാറിവീശുന്നു: എ.കെ. ആന്റണി
Thursday, April 18, 2024 1:54 AM IST
തിരുവനന്തപുരം: രാജ്യമാകെ കാറ്റ് മാറിവീശുകയാണെന്നും ഇതു തുടർന്നാൽ ജൂണ്‍ രണ്ടിന് മോദി സർക്കാർ ഇന്ത്യമുന്നണി സർക്കാരിന് വഴിമാറികൊടുക്കേണ്ടി വരുമെന്നും കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി.
കെപിസിസി മീഡിയ സെക്രട്ടറി പി.ടി. ചാക്കോ സംവിധാനം ചെയ്ത് കെപിസിസി മാധ്യമവിഭാഗം തയാറാക്കിയ ഡോക്യുമെന്ററികൾ പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മോദിയുടെ ഗാരന്റിയോ, പിണറായിയുടെ എല്ലാം ശരിയാക്കാം എന്നതുപോലുള്ള പൊള്ളയായ വാഗ്ദാനങ്ങളോ അല്ല കോണ്‍ഗ്രസ് പ്രകടനപത്രികയിലുള്ളത്. കോണ്‍ഗ്രസിന്റേത് ഉറപ്പുള്ള വാക്കുകളാണ്. കർണാടകത്തിലും തെലുങ്കാനയിലും നല്കിയ വാക്കുകൾ അതേപടി പാലിച്ച ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്.
മോദിയുടെ ഗാരന്റിയുടെ ഫലമായി രാജ്യം തൊഴിലില്ലാത്തവരുടെ നാടായി. പിണറായി വിജയൻ എല്ലാം ശരിയാക്കിക്കിടത്തി. കേരളത്തിലെ ചെറുപ്പക്കാർ നാടുവിടുകയാണ്. കേരളം അധികം വൈകാതെ വയോധികരുടെയും അന്യസംസ്ഥാന തൊഴിലാളികളുടെയും നാടായി മാറുമെന്നും ആന്റണി പറഞ്ഞു.
‘കോണ്‍ഗ്രസ് പ്രകടനപത്രിക ഉറപ്പുള്ള വാക്ക്’ എന്ന ഡോക്യുമെന്ററി ജി. ചൈതന്യയും ‘എന്നും കാവലാൾ ’ എന്ന ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള ഡോക്യുമെന്റി എഴുത്തുകാരി എ. ഖയറുന്നീസയും ഏറ്റുവാങ്ങി. കെപിസിസി മാധ്യമ സമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്, കെപിസിസി ജനറൽ സെക്രട്ടറി ജി. എസ്. ബാബു, വാർ റൂം കോ ചെയർമാൻ മണക്കാട് സുരേഷ് എന്നിവർ പ്രസംഗിച്ചു.