കെ സ്മാർട്ട് ഇതുവരെ ലഭിച്ചത് 9,60,863 അപേക്ഷകൾ
Friday, April 19, 2024 1:10 AM IST
തിരുവനന്തപുരം: ഇ ഫയൽ സംവിധാനത്തിലൂടെ ഓഫീസുകളിൽ നേരിട്ടുചെല്ലാതെ പൗരന് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുന്ന കെ സ്മാർട്ട് പദ്ധതിയിൽ ഇതുവരെ ലഭിച്ചത് 9,60,863 അപേക്ഷകൾ. ഇതിൽ 6,33,733 അപേക്ഷകൾ തീർപ്പാക്കി. 3,27,130 അപേക്ഷകൾ പരിശോധനാ ഘട്ടത്തിലാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്ന മുഴുവൻ സേവനങ്ങളും ഒരൊറ്റ മൊബൈൽ ആപ്പിലൂടെ ഏതൊരു പൗരനും ലഭ്യമാവുന്ന രീതിയിലുള്ള വിപ്ലവകരമായൊരു ഡിജിറ്റൽ അഡ്മിനിസ്ട്രേഷനിലേക്കുള്ള മാറ്റം ലക്ഷ്യം വച്ചാണ് കേരള സർക്കാർ ഇൻഫർമേഷൻ കേരള മിഷൻ മുഖേന കെ സ്മാർട്ട് പദ്ധതി നടപ്പിലാക്കുന്നത്.
ഓട്ടോമേറ്റഡ് ആയതും തടസങ്ങളില്ലാത്തതും എളുപ്പത്തിൽ ഏകോപനം സാധ്യമാകുന്നതുമായ ഇ ഗവേണൻസ് സംവിധാനമാണിത്. ആദ്യഘട്ടത്തിൽ 14 മൊഡ്യൂളും രണ്ടാം ഘട്ടത്തിൽ ഒൻപത് മൊഡ്യൂളുകളുമായാണ് കെ സ്മാർട്ടിന്റെ പ്രവർത്തനം രൂപകൽപന ചെയ്തിരിക്കുന്നത്. എല്ലാ സാന്പത്തിക ഇടപാടുകളും തത്സമയം റിക്കാർഡ് ചെയ്യപ്പെടുന്ന സംവിധാനം കൂടിയാണ് കെ സ്മാർട്ട് പ്ലാറ്റ്ഫോം.