പുരപ്പുറ സോളാർ: നെറ്റ് മീറ്ററിംഗ് തുടരുമെന്ന് റെഗുലേറ്ററി കമ്മീഷൻ
Thursday, May 16, 2024 1:27 AM IST
തിരുവനന്തപുരം: പുരപ്പുറ സോളാർ സ്ഥാപിച്ച ഉപയോക്താക്കൾക്ക് നിലവിലുള്ള നെറ്റ് മീറ്ററിംഗ് സംവിധാനം തുടരുമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ.
ഗ്രോസ് മീറ്ററിംഗ് ഏർപ്പെടുത്തുന്നതു സംബന്ധിച്ച കാര്യങ്ങളൊന്നും അജണ്ടയിലില്ലെന്നും കെഎസ്ഇബി അത്തരമൊരാവശ്യം ഉന്നയിച്ചിട്ടില്ലെന്നും കമ്മീഷൻ ചെയർമാൻ ടി.കെ ജോസ് വ്യക്തമാക്കി. റിന്യൂവബിൾ എനർജി ആൻഡ് നെറ്റ് മീറ്ററിംഗ് (രണ്ടാം ഭേദഗതി) റെഗുലേഷൻസ്-2024 കരടിന്മേൽ നടത്തിയ പൊതുതെളിവെടുപ്പിനു മുന്നോടിയായാണ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്.
മാർച്ച് 20ന് നടത്തിയ ആദ്യ തെളിവെടുപ്പ് പുരപ്പുറ സാളാർ സ്ഥാപിച്ചവരുടെ എതിർപ്പുമൂലം പൂർത്തിയാക്കാൻ ആയില്ല. സോളാർ ഉപയോക്താക്കൾക്ക് നിലവിലെ നെറ്റ് മീറ്ററിംഗ് രീതി മാറ്റി ഗ്രോസ് മീറ്ററിംഗ് രീതി നടപ്പിലാക്കുമെന്ന ആശങ്കയാണ് പ്രതിഷേധത്തിനിടയാക്കിയത്.
പ്രതിഷേധത്തെ തുടർന്ന് വീണ്ടും തെളിവെടുപ്പ് നടത്തുമെന്ന് കമ്മീഷൻ അന്ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് ഹാളിൽ വച്ച് വിശദമായ പൊതുതെളിവെടുപ്പു നടത്തിയത്. കഴിഞ്ഞ തവണത്തെ പ്രതിഷേധം കണക്കിലെടുത്ത് ഇക്കുറി പോലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.
നെറ്റ് ബില്ലിംഗിന് പകരം ഗ്രോസ് ബില്ലിം ഗിലേക്ക് പോകാൻ തീരുമാനിച്ചിട്ടില്ലെന്ന് കമ്മീഷൻ വ്യക്തമാക്കിയെങ്കിലും തങ്ങൾക്ക് ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്ന് പുരപ്പുറ സോളാർ സ്ഥാപിച്ചവർ തെളിവെടുപ്പിൽ കമ്മീഷനെ അറിയിച്ചു.
സൗരോർജ വൈദ്യുതി ഉത്പാദിപ്പിക്കുന്ന പുരപ്പുറ സോളാർ ഉപയോക്താക്കളോട് കെഎസ്ഇബി ശത്രുതാപരമായ സമീപനമാണ് പുലർത്തുന്നതെന്ന് നിരവധി പേർ വിമർശനം ഉന്നയിച്ചു.
സൗരോർജ വൈദ്യുതിക്ക് ഈടാക്കിയിരുന്ന ലെവി യൂണിറ്റിന് 1.2 പൈസയിൽ നിന്നു 15 പൈസമായി വർധിപ്പിച്ച നടപടിയും ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി.
ബിൽ കയ്യിൽ കിട്ടിയപ്പോഴാണ് കെഎസ്ഇബിയുടെ ഈ നടപടി തങ്ങൾക്കു മനസിലായതെന്നും ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. ഇതിനു പുറമേ ബില്ലിംഗിൽ അടക്കം കെഎസ്ഇബി വ്യക്തത പുലർത്തുന്നില്ലെന്നും ഉപയോക്താക്കൾ വിമർശനം ഉന്നയിച്ചു.
കെഎസ്ഇബിക്കെതിരേ തെളിവെടുപ്പിൽ വ്യാപകമായ പരാതികൾ ഉയർന്നിട്ടും ഒരു കാര്യത്തിലും കെഎസ്ഇബി പ്രതിനിധികൾ തെളിവെടുപ്പിൽ വ്യക്തമായ വിശദീകരണം നൽകിയില്ല. ഇതേ തുടർന്ന് നെറ്റ് മീറ്ററിംഗ് മാറ്റില്ലെന്ന കാര്യത്തിൽ കമ്മീഷൻ ഉറപ്പു നൽകണമെന്ന് ഉപയോക്താക്കൾ ആവശ്യപ്പെട്ടു.
അതേസമയം നിലവിലുള്ള റെഗുലേഷൻ 2025 ഏപ്രിൽവരെ തുടരുമെന്നും അതിൽ മാറ്റം വരില്ലെന്നും കമ്മീഷൻ അറിയിച്ചു. നെറ്റ് മീറ്ററിംഗിൽ മാറ്റം വരുത്തിയാൽ അത് വിശദമായ ചർച്ചകൾക്കും കൂടിയാലോചനകൾക്കുശേഷം മാത്രമേ നടപ്പാക്കൂ എന്നും കമ്മീഷൻ ഉപയോക്താക്കൾക്ക് ഉറപ്പു നൽകി.
റെഗുലേഷനുമായി ബന്ധപ്പെട്ട് ഉപയോക്താക്കൾക്കുള്ള മറ്റു പരാതികൾ വിശദാംശങ്ങൾ അടക്കം ഏഴ് ദിവസത്തിനുള്ളിൽ നൽകണമെന്നും കമ്മീഷൻ അറിയിച്ചു. ഇതിനു ശേഷം പൊതുതെളിവെടുപ്പിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ ഉത്തരവിറക്കും.