ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം; സര്‍ക്കുലര്‍ പിന്‍വലിച്ചു
Thursday, May 16, 2024 1:41 AM IST
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റം സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ചു. സര്ക്കുലറിനെതിരേയുള്ള കേസ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കുലർ പിൻ വലിച്ച് സർക്കാർ തടിതപ്പിയത്.
സർക്കാർ പുറപ്പെടുവിച്ച അധ്യാപക സ്ഥലംമാറ്റ പട്ടിക നേരത്തേ ട്രൈബ്യൂണല്‍ റദ്ദാക്കിയിരുന്നു. എന്നാൽ ഇത് മറികടന്നാണ് സർക്കുലർ ഇറക്കിയത്. ഇപ്പോൾ കോടതി അലക്ഷ്യ നടപടികളിൽനിന്ന് രക്ഷപ്പെടാനാണ് സർക്കുലർ പിൻവലിച്ചത്.
മാനദണ്ഡം ലംഘിച്ച് സ്ഥലം മാറ്റം നടത്തിയെന്നായിരുന്നു ട്രൈബ്യൂണല്‍ കണ്ടെത്തല്‍. ഇതേതുടര്‍ന്നാണ് സ്ഥലംമാറ്റപ്പട്ടിക ട്രൈബ്യൂണല്‍ റദ്ദാക്കിയത്.
ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ പൊതു സ്ഥലം മാറ്റം പരിഗണിക്കുമ്പോള്‍ ഔട്ട് സ്റ്റേഷന് ഡ്യൂട്ടിക്കു മതിയായ മുന്‍ഗണന നല്‍കണമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം പരിഗണിക്കാതെയായിരുന്നു സര്‍ക്കാര്‍ സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ പട്ടിക സ്റ്റേ ചെയ്തത്.