ശബരിമല: താമസസൗകര്യ ക്രമീകരണം പുരോഗമിക്കുന്നതായി ദേവസ്വം ബോര്‍ഡ്
Friday, May 17, 2024 2:06 AM IST
കൊച്ചി: ശബരിമലയിലെത്തുന്ന ഭക്തര്‍, ജീവനക്കാര്‍ തുടങ്ങിയവരുടെ താമസസൗകര്യങ്ങളുടെ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍.
മുറികള്‍, തീര്‍ഥാടക കേന്ദ്രങ്ങള്‍, ശൗചാലയങ്ങള്‍ എന്നിവയുടെ അറ്റകുറ്റപ്പണി കാലതാമസമില്ലാതെ പൂര്‍ത്തിയാക്കണമെന്ന് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോന് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച പൊതുമരാമത്ത് എക്സിക്യൂട്ടീവ് എന്‍ജിനിയറുടെയും ശബരിമല സ്പെഷല്‍ കമ്മീഷണറുടെയും റിപ്പോര്‍ട്ട് ചൊവ്വാഴ്ച പരിഗണിക്കാനും മാറ്റി.
അടിസ്ഥാനസൗകര്യങ്ങളും മറ്റും വിലയിരുത്താന്‍ ഹൈക്കോടതി ദേവസ്വം ബെഞ്ച് ശബരിമലയില്‍ സന്ദര്‍ശനം നടത്തിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് കോടതി ഇക്കാര്യങ്ങള്‍ ആരാഞ്ഞത്. പൊട്ടിയ ടൈലുകള്‍ പരിസരങ്ങളില്‍ കൂട്ടിയിടുന്നത് തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും വ്യക്തമാക്കി.
കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുമായി ബന്ധപ്പെട്ട് സ്പെഷല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കണം. ദേവസ്വം കമ്മീഷണറെ നിയമിക്കാന്‍ എന്തുകൊണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും കോടതി ആരാഞ്ഞു. തുടര്‍ന്ന് പാര്‍ക്കിംഗ് ക്രമീകരണങ്ങളും കോടതി വിലയിരുത്തി.