ആര്‍ച്ച്ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസിനെ സസ്പെന്‍ഡ് ചെയ്തു
Saturday, May 18, 2024 3:04 AM IST
കോട്ടയം: ചിങ്ങവനം ആസ്ഥാനമായ ക്നാനായ സുറിയാനി സഭ (യാക്കോബായ) മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ സേവേറിയോസിനെ എല്ലാ പദവികളിലും ചുമതലകളിലുംനിന്ന് സുറിയാനി ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ സസ്പെന്‍ഡ് ചെയ്തു.
പാത്രിയര്‍ക്കീസ് ബാവയുടെ പദവിക്കും നിര്‍ദേശങ്ങള്‍ക്കും വിധേയപ്പെടാതെയും അന്ത്യോഖ്യ സിംഹാസനത്തോട് വിശ്വസ്തത പുലര്‍ത്താതെയും നടത്തിയ വിവിധ നടപടികളുടെ പേരിലാണു ക്നാനായ സുറിയാനി സഭാ ആര്‍ച്ച് ബിഷപ്, സമുദായ മെത്രാപ്പോലീത്ത പദവികളിലും ചുമതലകളിലുംനിന്ന് സസ്പെന്‍ഡ് ചെയ്യുന്നതെന്ന് പാത്രിയര്‍ക്കീസ് ബാവയുടെ കല്പനയില് വ്യക്തമാക്കി.
സഭയുടെ ചട്ടങ്ങള്‍ക്കു വിരുദ്ധമായി വികാരി ജനറാള്‍ കല്പനകള് പുറപ്പെടുവിച്ചത് ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസിന്റെ അറിവോടെയല്ലെന്ന് പാത്രിയര്‍ക്കീസിനു നല്കിയ വിശദീകരണം വിശ്വാസയോഗ്യമല്ല.
അന്ത്യോഖ്യ പാത്രിയര്‍ക്കീസിന്റെ നിര്‍ദേശങ്ങള്‍ക്കും തിരുത്തലുകള്‍ക്കും വിധേയപ്പെടാതെ സഭയുടെ നിയമങ്ങളെയും കല്പനകളെയും അവഗണിച്ചത് വൈദികരിലും വിശ്വാസികളിലും ഇടര്ച്ചയുണ്ടാക്കി.
അമേരിക്കയിലെ ക്നാനായ സഭയുടെ ഇടവകകളില്‍ വിശുദ്ധവാര ശുശ്രൂഷകളില്‍ ഇന്ത്യയില്‍നിന്നുള്ള ഓര്‍ത്തഡോക്സ് വൈദികരെ നിയോഗിച്ചതും സഭയ്ക്ക് കളങ്കം വരുത്തി.
മെത്രാന്റെയും വൈദികന്റെയും അധികാര ചുമതലകളില്‍നിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിനിറുത്തുന്നുവെന്നും ക്നാനായ യാക്കോബായ സുറിയാനി സഭയ്ക്ക് അനുയോജ്യനായ താത്കാലിക അഡ്മിനിസ്ട്രേറ്ററെ വൈകാതെ നിയമിക്കുമെന്നും പാത്രിയര്‍ക്കീസിന്റെ കൽപ്പനയിൽ പറയുന്നു.