അവയവക്കച്ചവടം: പ്രതി സജിത്ത് ശ്യാമിനെ റിമാൻഡ് ചെയ്തു
Sunday, May 26, 2024 12:50 AM IST
നെടുമ്പാശേരി: അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ അറസ്റ്റിലായ പ്രതി സജിത്ത് ശ്യാമിനെ ജൂൺ മൂന്നു വരെ അങ്കമാലി മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണസംഘം നാളെ കോടതിയിൽ അപേക്ഷ നൽകും.
എടത്തല സ്വദേശി സജിത്തിനെ വെള്ളിയാഴ്ചയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യസൂത്രധാരൻ സബിത്ത് നാസർ നേരത്തേ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സജിത്ത് പിടിയിലായത്.
അവയവക്കടത്തിലെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തതു സജിത്താണെന്ന് പോലീസ് കണ്ടെത്തി. അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്ന് എറണാകുളം റൂറല്‍ എസ്പി വൈഭവ് സക്സേന പറഞ്ഞു. ഐപിസി 370-ാം വകുപ്പ് കൂടി പ്രതികൾക്കെതിരേ ചുമത്തിയിട്ടുണ്ട്.അവയവക്കച്ചവടത്തിനായി 20 പേരെ ഇറാനിലെത്തിച്ചെന്നാണ് സബിത്ത് നേരത്തേ മൊഴി നൽകിയിരുന്നത്.
എന്നാൽ 40ഓളം പേരെ കെണിയിൽപ്പെടുത്തി ഇവർ ഇറാനിലേക്ക് കൊണ്ടുപോയിട്ടുള്ളതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.