കൃഷ്ണകുമാർ നിയമസഭാ സെക്രട്ടറിയായേക്കും
Sunday, May 26, 2024 1:02 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: ലോ കോളജ് പ്രഫസറായ ഡോ. എൻ. കൃഷ്ണകുമാർ നിയമസഭാ സെക്രട്ടറിയായേക്കും. നിയമസഭാ സെക്രട്ടേറിയറ്റ് നൽകിയ ഡോ. കൃഷ്ണകുമാറിന്റെ പേരിന് മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകിയതായാണു സൂചന. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ കാലാവധി കഴിഞ്ഞശേഷം നിയമസഭാ സെക്രട്ടറിയുടെ നിയമനത്തിനുള്ള നടപടിക്രമം തുടങ്ങും.
ജൂണ്‍ പത്തിന് നിയമസഭയുടെ സന്പൂർണ ബജറ്റ് സമ്മേളനം തുടങ്ങുമെങ്കിലും ഇതിനകം കൃഷ്ണകുമാറിന് ചുമതലയേറ്റെടുക്കാൻ കഴിയുമോയെന്നു വ്യക്തമല്ല. ജൂലൈ 25 വരെ സഭാ സമ്മേളനം നീളുന്നുണ്ട്.
ജൂണ്‍ ആറിനു മാത്രമേ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ കാലാവധി കഴിയുകയുള്ളൂ. നിയമസഭാ സ്പെഷൽ സെക്രട്ടറിയായ ഷാജി സി. ബേബിക്കാണ് നിലവിൽ നിയമസഭാ സെക്രട്ടറിയുടെ ചുമതല.
ജില്ലാ ജഡ്ജിമാരാണ് നേരത്തേ നിയമസഭാ സെക്രട്ടറിമാരായിരുന്നത്. ജില്ലാ ജഡ്ജിമാർ ജുഡീഷൽ സർവീസിലേക്കു മടങ്ങിയെത്താൻ ഹൈക്കോടതി ചീഫ് ജസ്റ്റീസ് നിർദേശിച്ചതിനു പിന്നാലെയാണ് എ.എം. ബഷീർ ജുഡീഷൽ സർവീസിലേക്കു മടങ്ങിയത്.
ലോ അക്കാദമിയിലെ ഡോ. ലക്ഷ്മി നായർ, മന്ത്രി പി. രാജീവിന്റെ ഭാര്യ വാണി കേസരി, കൊല്ലം ലേബർ ട്രൈബ്യൂണലിലെ പ്രിസൈഡിംഗ് ഓഫീസർ ജ്യോതി എന്നീ വനിതകൾ പട്ടികയിൽ ഇടം പിടിച്ചിരുന്നു. എന്നാൽ, ഇവരുടെ നിയമനം രാഷ്ട്രീയ വിവാദത്തിന് ഇടയാക്കുമോയെന്ന ഭയത്തെത്തുടർന്നുള്ള അന്വേഷണത്തിലാണ് ഡോ. കൃഷ്ണകുമാറിന്റെ പേരിലേക്ക് എത്തിയത്.